SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

മലമ്പുഴ ഉദ്യാനം അടച്ചിട്ട് വർഷം ഒന്നായി; അരപ്പട്ടിണിയിൽ തൊഴിലാളികൾ

malabuzha
ജോലിയിലേർപ്പെട്ടിരിക്കുന്ന പാപ്പാത്തി

പാലക്കാട്: 54 വയസുള്ള പാപ്പാത്തി 1996 ലാണ് മലമ്പുഴ ഉദ്യാനത്തിൽ ജോലിക്കെത്തുന്നത്. ആദ്യം അഞ്ചു ദിവസത്തെ ജോലിയാണ് നൽകിയത്. അതു കഴിഞ്ഞ് 10 ദിവസമാക്കി. ശേഷം പത്തു വർഷം ഉദ്യാനത്തിൽ ജോലി നിറുത്തി വച്ചു. അതു കഴിഞ്ഞ് ഒന്നരമാസം കൂടുമ്പോൾ 13 പണിയാക്കി ഉയർത്തി. എന്നാൽ ഒരു വർഷമായി നാലു മാസം കൂടുമ്പോൾ 13 പണിയാക്കി. കുടുംബം പട്ടിണിയിലാവാതിരിക്കാനും മരുന്നിനെങ്കിലും പണം ലഭിക്കുമല്ലോ എന്ന ചിന്തയിലാണ് മലമ്പുഴ ഉദ്യാനത്തിലെ ജോലിക്കാരിൽ പലരും 13 ജോലിയെങ്കിൽ അതെന്നും പറഞ്ഞ് എത്തുന്നതെന്ന് കവറിൽ മണ്ണുനിറക്കുന്നതിനിടയിൽ പാപ്പാത്തി പറഞ്ഞു.

തൊഴിലാളികൾ സമരങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ കവറിൽ മണ്ണ് നിറച്ച് വിത്തിടുന്നത് പോലെയുള്ള ജോലികളാണ് നൽകുന്നത്. അവർക്കിപ്പോൾ മറ്റൊരു ജോലിക്കും പോവാൻ സാധിക്കാത്ത അവസ്ഥയാണ്. മറ്റൊരു ജോലി ലഭിച്ചാലും നാലു മാസം കഴിഞ്ഞാൽ 10 ദിവസത്തെ ജോലിക്കായി മലമ്പുഴ ഉദ്യാനത്തിലേക്ക് തിരിച്ചു വരണം. ചില മുതലാളിമാർ അതിന് അനുവാദം നൽകും. എന്നാൽ ചിലർ ആ സമയത്ത് വേറെ ജോലിക്കാരെ ലഭിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. അതിനാൽ ഇവരുടെയെല്ലാം ജീവിതം വലിയ പ്രതിസന്ധിയിലാണ്. മലമ്പുഴ ഉദ്യാനത്തിലെ ജോലി ആശ്രയിച്ച് കഴിയുന്ന നിരവധി അമ്മമാരുണ്ട്. നിലവിലെടുക്കുന്ന ജോലിക്ക് എപ്പോൾ കൂലി കിട്ടുമെന്നറിയില്ല. മുപ്പതു വർഷമായിട്ടും സ്ഥിരപ്പെടുത്തിയില്ല എന്നതും സങ്കടപ്പെടുത്തുന്ന കാര്യമാണ്. കൂട്ടിയ ശമ്പളവും കുടിശ്ശികയാണ്. കൂട്ടത്തിൽ ജോലിക്കുണ്ടായിരുന്നവർ മരിച്ചാൽ പോലും സർക്കാരിന്റെ ഭാഗത്തുനിന്നും നയാ പൈസ ലഭിക്കാറില്ലെന്ന് ഇവർ പറയുന്നു. വേറെ ഒരു ആനുകൂല്യവുമില്ല. ജോലിക്കിടയിൽ പാമ്പു കടിച്ചാലോ, ആയുധങ്ങൾ തട്ടി പരിക്കേറ്റാലോ ജോലിക്കാർ പിരിവെടുത്താണ് സഹായം നൽകുന്നത്. ജോലിക്ക് കയറിയത് മുതലുള്ള അരിയർ തുക ലഭിക്കാനുണ്ട്. അതെത്രയാണെന്നുള്ള അറിവും അവർക്കില്ല. നിരവധി തവണ അധികൃതരോട് അതിനെക്കുറിച്ച് ചോദിക്കുമ്പോഴും രേഖപ്പെടുത്തി വയ്ക്കുന്നുണ്ടെന്നല്ലാതെ തുക ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് നവീകരിച്ച് മലമ്പുഴ ഉദ്യാനം തുറന്ന് ജോലി ഉറപ്പാക്കുകയും തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും വേണം. മരണപ്പെട്ടുപോയവർക്ക് ലഭിക്കാനുണ്ടായിരുന്ന തുക അവരുടെ കുടുംബങ്ങളുടെ കൈകളിലെത്തണമെന്നുമാണ് പാപ്പാത്തിക്ക് അധികാരികളോട് പറയാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALAMPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL