575 കർഷകർ ദുരിതത്തിൽ
മുതലമട: നെല്ല് സംഭരിച്ച് മാസങ്ങളായിട്ടും തുക ലഭിക്കാത്തതിനാൽ മുതലമട പഞ്ചായത്തിലെ നെൽകർഷകർ ദുരിതത്തിൽ. പഞ്ചായത്തിലെ 18 പാടശേഖര സമിതികൾക്ക് കീഴിൽ 1299 ഏക്കറിൽ കൃഷി ചെയ്ത 575 കർഷകരിൽ നിന്നായി 32 ലക്ഷം കിലോ നെല്ലാണ് സപ്ലൈകോ അളന്നെടുത്തത്. ഇതിന്റെ തുകയായ 9.78 കോടി രൂപയിൽ പകുതി പോലും ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല. കിലോയ്ക്ക് 30.12 രൂപയാണ് നെല്ലിന് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 23 രൂപയും സംസ്ഥാന സർക്കാർ ബോണസ് 7 രൂപയും കയറ്റിറക്ക് കൂലിയായി 12 പൈസയുമാണ്. നെല്ല് അളന്ന് നൽകുമ്പോൾ കർഷകർക്ക് നൽകുന്ന പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) ലഭിച്ചിട്ടും മാസങ്ങളായി പണം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. ജൂൺ 30 വരെ നെല്ല് അളന്നവർക്ക് പണം നൽകാൻ ഉത്തരവായിട്ടുണ്ടെന്ന് സപ്ലൈകോ അറിയിച്ചെങ്കിലും തുക അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. പി.ആർ.എസ് ലഭിച്ചിട്ടും പണം ലഭിക്കാത്തതിനാൽ കാർഷിക വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. ബാങ്കുകളിൽ ചെന്ന് നെല്ലിന്റെ കാശ് ചോദിക്കുമ്പോൾ ജീവനക്കാർ മോശമായി പെരുമാറുന്നതായി കർഷകർ പരാതിപ്പെട്ടു. പണം ലഭിക്കാത്തതിനാൽ ഓണക്കാലത്ത് പോലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ. കുടിശ്ശിക തുക ഉടൻ വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
ഏഴ് ലക്ഷത്തിലധികം രൂപ നെല്ലിന്റെകാശ് കിട്ടാനുണ്ട്. നിരവധി ബാങ്ക് വായ്പകളും കടവും വാങ്ങിയാണ് നെൽ കൃഷി ചെയ്യുന്നത്. വാങ്ങിയ കടം തിരിച്ചടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ഈ നിലയ്ക്ക് പോയാൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. കിട്ടാനുള്ള കാശിനായി മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങുകയാണ്. നാളിതുവരെയായി യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
- താജ്, കാട്ടുപാടം, മുതലമട, നെൽകർഷകൻ.
കർഷകരുടെ പണം കൊടുക്കുന്നതിൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സപ്ലൈകോയിൽ നിന്ന് സീനിയോറിറ്റി പ്രകാരം ലഭിക്കുന്ന കർഷകരുടെ ലിസ്റ്റനുസരിച്ച് പൈസകൾ വിതരണം ചെയ്യുന്നുണ്ട്. അതിനിടയിൽ ചില സാങ്കേതിക തകരാറുകളും സംഭവിക്കുന്നുണ്ട്.
-ബാങ്ക് മാനേജർ മുതലമട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |