SignIn
Kerala Kaumudi Online
Monday, 24 August 2026 2.45 AM IST

പാലക്കാട് ഡിവിഷൻ വിഭജനം: ട്രെയിനുകളുടെ സമയക്രമം മാറും

palakkad
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ.

പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ നീക്കി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ റെയിൽവേ നടപടിയെ തുടർന്ന് ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകളുടെ സമയം മാറാൻ സാദ്ധ്യത. മലബാർ എക്സ്‌പ്രസ്, മാവേലി എക്സ്‌പ്രസ്, ഏറനാട് എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ് തുടങ്ങി മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂരു ഡിവിഷനായിക്കും. ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടികുറക്കുന്ന കാര്യത്തിലും മൈസൂരു ഡിവിഷന് തീരുമാനമെടുക്കാം. മംഗളൂരുവിൽ നിന്നും ട്രെയിനുകൾ പുറപ്പെടുന്നതിനാൽ പാലക്കാട് ഡിവിഷന് ഇനി മുതൽ യാത്രക്കാർക്ക് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. ട്രെയിൻ മെയിന്റനൻസ് നടത്തുന്നതിനുള്ള സൗകര്യവും പാലക്കാട് ഡിവിഷന് നഷ്ടമാകും. മാത്രമല്ല, പുതിയ ട്രെയിനുകൾ ലഭിക്കുന്നതും കുറയും. പനമ്പൂർ ഗുഡ്‌സ് യാഡ് നഷ്ട‌പ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിക്കും.

വെള്ളിയാഴ്ചയാണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. റെയിൽവേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റെയിൽവേ മലയാളികളെ വെല്ലുവിളിക്കുകയാണ്. ഈ നടപടി വടക്കൻ കേരളത്തിൻ്റെ റെയിൽവേ വികസന സ്വപ്നങ്ങളെ തകർക്കുന്നതാണ്. റെയിൽവേയുടെ നീക്കത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു.

മംഗളൂരുവിനെ മൈസൂർ ഡിവിഷനിലേക്ക് മാറ്റിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ റെയിൽവേ വരുമാനത്തിൽ 60 ശതമാനം കുറവ് വരും. ഇടക്കാലത്ത് കേരളം പ്രത്യേക റെയിൽവേ സോണിനായി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല. നിലവിലെ സാഹചര്യത്തിൽ വികസനപ്രവർത്തനങ്ങൾക്കായി പാലക്കാട് റെയിൽവേ ഡിവിഷന് അനുവദിക്കുന്ന തുകയിലും കുറവുവന്നേക്കാം. നേരത്തെ സേലം ഡിവിഷൻ ആരംഭിച്ചതോടെ പാലക്കാട് ഡിവിഷനിൽ നിന്നും ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സമാനമായ അവസ്ഥയാണ് പാലക്കാട് ഡിവിഷൻ നേരിടാനിരിക്കുന്നത്. ഡിവിഷണൽ ഓഫീസ് മുതൽ ജീവനക്കാരുടെ കുറവുണ്ടായേക്കാം.

മംഗളൂരുവിൽനിന്നും 83 ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഡിവിഷൻ വിഭജിക്കുന്നതോടെ പാലക്കാടിന് ഇത് നഷ്ടമാകും. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിവഷനാണ് പാലക്കാട്. ഡിവിഷൻ വിഭജിച്ചാൽ വരുമാനം ഗണ്യമായി കുറയും. ആയിരക്കണക്കിന് ജീവനക്കാർ പുനർവിന്യസിക്കപ്പെടും. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ വികസനത്തെ വരെ ഇത് ബാധിക്കും. 70 ശതമാനത്തിലധികം ചരക്ക് ഗതാഗതം മംഗളൂരുവിലാണ്. ഇത് മൈസൂരുവിലേക്ക് മാറുമ്പോൾ വരുമാനം കുറയും.

-വി.കെ.ശ്രീകണ്ഠൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL