SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.46 AM IST

വീരസ്മരണകളുണർത്തി പല്ലശ്ശനയിൽ ഓണത്തല്ല്

onathallu
പല്ലശ്ശന ഓണത്തല്ല് (ഫയൽ ചിത്രം)

കൊല്ലങ്കോട്: നാടുവാഴി ഭരണകാലത്തെ വീരപോരാട്ടങ്ങളുടെയും ഐക്യത്തിന്റെയും ഓർമ്മ പുതുക്കി പല്ലശ്ശന ദേശത്ത് ഇത്തവണയും പരമ്പരാഗത ഓണത്തല്ല് നടക്കും. തിരുവോണം, അവിട്ടം നാളുകളിലാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ ആചാരപരമായ തല്ല് അരങ്ങേറുന്നത്. സാമൂതിരിയുടെ സാമന്തനായിരുന്ന പല്ലശ്ശന നാടുവാഴി കുറൂർ നമ്പിടിയെ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിയിൽ കൊലപ്പെടുത്തിയതിനെതിരെ പല്ലശ്ശനക്കാർ ജാതിമതഭേദമന്യേ നടത്തിയ ചെറുത്തുനിൽപ്പിന്റെ സ്മരണയാണ് ഓണത്തല്ലിന് പിന്നിലുള്ള ഐതീഹ്യം. തുടർന്ന് സാമൂതിരി നേരിട്ടിടപെട്ട് പ്രശ്നം പരിഹരിക്കുകയും ദേശവാസികൾക്ക് ആരാധിക്കാനായി വേട്ടയ്‌ക്കൊരുമകന്റെ വിഗ്രഹം നൽകുകയും ചെയ്തു എന്നാണ് വിശ്വാസം.

 ആഘോഷങ്ങൾ ഇങ്ങനെ

തിരുവോണ നാളിൽ തല്ലുമന്ദത്ത്: തിരുവോണ ദിവസം വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ തല്ലുമന്ദത്താണ് ഓണത്തല്ല് നടക്കുന്നത്. ഏഴുകുടി സമുദായക്കാരും ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ളവരും വാദ്യഘോഷങ്ങളോടെയും ആർപ്പുവിളികളോടെയും തല്ലുമന്ദത്ത് അണിനിരക്കും.
അവിട്ടം നാളിൽ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ: അവിട്ടത്തല്ല് നായർ സമുദായത്തിന്റെ നേതൃത്വത്തിലാണ് നടക്കുക. കിഴക്കുമുറിക്കാരും പടിഞ്ഞാറേ മുറിക്കാരും ക്ഷേത്രമുറ്റത്ത് പരസ്പരം പോർവിളി മുഴക്കി അണിനിരക്കും.
ദേശ കാരണവന്മാരുടെ മേൽനോട്ടത്തിൽ സമപ്രായക്കാരായ ആളുകളാണ് തല്ലിൽ പങ്കെടുക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ പങ്കാളികളാകും. തല്ലുകൊള്ളുന്ന ആളുടെ കൈകൾ കാരണവന്മാർ ഉയർത്തിപ്പിടിക്കുകയും, എതിരാളി പുറകിൽനിന്ന് മുതുകത്ത് വലതുകൈ വീശി അടിക്കുകയുമാണ് രീതി. അടിയേറ്റയാൾക്ക് തിരിച്ച് അടിക്കാനും അവസരമുണ്ടാകും.

തല്ലിന് ശേഷം ക്ഷേത്രക്കുളത്തിൽ കുളിച്ച്, ആചാരം ചൊല്ലി അടുത്ത വർഷം വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് നാട്ടുകാർ പിരിയുന്നത്. പാരമ്പര്യത്തനിമയാർന്ന ഈ അനുഷ്ഠാനം കാണാൻ ഇത്തവണയും വിവിധ ദേശങ്ങളിൽനിന്ന് വൻ ജനാവലി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL