കാളയെയും നായയെയും കടിച്ചുകൊന്നു
കഞ്ചിക്കോട്: കഞ്ചിക്കോട് മേഖലയിൽ ഓണാഘോഷത്തിന്റെ തിളക്കം കെടുത്തി പുലിയുടെ വിളയാട്ടം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കഞ്ചിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം പ്രകടമായത് ജനങ്ങളെ ഭീതിയിലാക്കി. കഞ്ചിക്കോട് കൊട്ടാ മുട്ടിയിൽ ജെയിംസിന്റെ വീട്ടിൽ കെട്ടിയിട്ട നായയെ പുലി കടിച്ച് കീറി. നായ നിലവിളിക്കുന്നത് കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങിയപ്പോൾ പുലി ഓടുകയായിരുന്നു. നായയുടെ ജഡത്തിൽ പുലിയുടെ പല്ലും നഖവും പതിഞ്ഞ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നരകം പള്ളി പുഴയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പുലി കടിച്ചു കൊന്ന നിലയിൽ ഒരു കാളയുടെ ജഡവും കണ്ടെടുത്തു. വി.വി കോളേജ് പരിസരത്ത് ആടുകൾക്ക് നേരെയും പുലി അക്രമണം ഉണ്ടായി. ആന, ചെന്നായ, കരടി, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികൾക്ക് പിറകെ പുലി കൂടി ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. കാളയുടെ ജഡം പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ അക്രമണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് സി.സി.ടി.വി സ്ഥാപിക്കും
പുലിയെ കണ്ടെത്താൻ വനം വകുപ്പ് നടപടി ആരംഭിച്ചു. ഇന്ന് പുഴയുടെ പരിസരം മുഴുവൻ കവർ ചെയ്യുന്ന വിധത്തിൽ സി.സി.ടി.വി സ്ഥാപിക്കും. രാത്രി പുഴയുടെ പരിസരത്ത് കൂടുതൽ ജീവനക്കാരെ വിന്യസിപ്പിക്കാനും തിരച്ചിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പുലിയുടെ സാന്നിദ്ധ്യം ഉണ്ടായതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
പുലിയുടെ അക്രമണം ഭയന്ന് കഴിയുകയാണ് ഞങ്ങൾ. വളർത്ത് മൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. വനം വകുപ്പിന്റെ ഇടപെടൽ തൃപ്തികരമല്ല.പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണം.-എസ്.കെ.ജയകാന്തൻ, കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |