20 കിലോമീറ്റർ കനാലിൽ വെള്ളമെത്തുന്നില്ല
മുതലമട: പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ മീങ്കര ഡാം തുറന്നു എന്ന വാർത്ത കേട്ട് ആശ്വാസത്തോടെ കാത്തിരുന്ന മുതലമടയിലെ കർഷകനെ കബളിപ്പിച്ച് ഇറിഗേഷൻ വകുപ്പ്. ഡാംതുറന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വാലറ്റ പ്രദേശങ്ങളിൽ ഒരു തുള്ളി വെള്ളം പോലുമെത്തിയില്ല. മീങ്കര ഡാമിന്റെ പരമാവധി സംഭരണ ശേഷി 156.36 മീറ്ററാണ്. നിലവിൽ 152.64 മീറ്റർ വെള്ളമുണ്ട്. ഇറിഗേഷൻ അധികൃതർ 22 സെന്റിമീറ്റർ ഷട്ടർ തുറന്നു. നാല് ദിവസം വെള്ളം തരുമെന്ന് കൊട്ടിഘോഷിച്ചു. പക്ഷേ ഇനി 2 ദിവസം മാത്രമേ വെള്ളം ഉണ്ടാകൂ. എന്നിട്ടും കർഷകർക്ക് ഗുണമില്ല.
കാടുകയറി കനാലുകൾ
കനാൽ ശുചീകരണം നടത്താത്തത് കാരണം മാത്രമാണ് വാലറ്റങ്ങളിൽ വെള്ളമെത്താത്തത്. മുതലമടയുടെ ജീവനാഡിയായ 20.5 കിലോമീറ്റർ നീളമുള്ള പ്രധാന കനാലും അതിന്റെ ബ്രാഞ്ച് കനാലുകളായ കല്ലുക്കുട്ടിച്ചള്ള, പൂന്തോണിച്ചള്ള, പാപ്പാൻചള്ള, പാറക്കൽച്ചള്ള, പോത്തമ്പാടം, കാമ്പ്രത്ത്ചള്ള കനാലുകളും പൂർണ്ണമായും കാടുകയറിയും ചെളി നിറഞ്ഞും അടഞ്ഞു കിടക്കുകയാണ്. ഇടതുകര(എൽ.ബി.സി), വലതുകര(ആർ.ബി.സി) കനാലുകളിൽ നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടു. വെള്ളം തുറക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചെയ്യേണ്ട ശുചീകരണം ഇതുവരെ നടത്തിയില്ല. ഇതാണ് കർഷകരോടുള്ള വകുപ്പിന്റെ ക്രൂരത. വാലറ്റ പ്രദേശങ്ങളിലെ കർഷകർ കടുത്ത ആശങ്കയിലും രോഷത്തിലുമാണ്. നൂറുകണക്കിന് ഏക്കർ നെൽകൃഷിയാണ് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങാൻ പോകുന്നത്. ഉടൻ കനാൽ ശുചീകരിച്ച് വെള്ളമെത്തിച്ചില്ലെങ്കിൽ ഡാം ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
ഞങ്ങൾ വിത്തിട്ടു കഴിഞ്ഞു. വെള്ളം കിട്ടിയില്ലെങ്കിൽ എല്ലാം നശിക്കും. ഉദ്യോഗസ്ഥർ എ.സി മുറിയിൽ ഇരുന്ന് പറയുകയാണ് ഷട്ടർ തുറന്നു എന്ന്. ഇവിടെ വന്ന് നോക്കണം, കനാലിൽ കാടല്ലാതെ വെള്ളമുണ്ടോ എന്ന്. നെൽകർഷകൻ, മുതലമട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |