പാലക്കാട്: സാഹസിക വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരുങ്ങുകയാണ് മലബാറിന്റെ കവാടമായിരുന്ന പഴയ കൊച്ചിൻ പാലം. ഇതിനായി ശേഷിക്കുന്ന ഭാഗങ്ങൾ ബലപ്പെടുത്തി കണ്ണാടിപ്പാലം നിർമ്മിക്കും. രണ്ട് തൂണുകളും മൂന്ന് സ്പാനുകളുമാണ് പാലത്തിൽ അവശേഷിക്കുന്നത്. 125 വർഷത്തെ പഴക്കമുണ്ട്. തിരുവിതാംകൂറിനെയും മലബാറിനെയും ഭാരതപ്പുഴയ്ക്ക് കുറുകെ ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു. പാലം പൊളിക്കാനുള്ള നടപടി പുരോഗമിക്കുമ്പോഴാണ് സംരക്ഷിക്കാൻ ഷൊർണൂർ നഗരസഭ തീരുമാനിച്ചത്. അഡ്വഞ്ചർ ടൂറിസം പദ്ധതിക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. പദ്ധതി നിർദ്ദേശം നഗരസഭ കൗൺസിൽ അംഗീകരിച്ചതായി ചെയർപേഴ്സൺ നിർമ്മല അറിയിച്ചു. പാലത്തിന്റെ സംരക്ഷണം, ബലപ്പെടുത്തൽ, അറ്റകുറ്റപ്പണി, പരിപാലനം എന്നിവ നഗരസഭ നിർവഹിക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിബന്ധന. ഇതും കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്.
രൂപരേഖ പ്രകാരം ഘടനാപരമായ സുരക്ഷയും ഉറപ്പും എൻജിനിയറിംഗ് വിദഗ്ദ്ധർ വിലയിരുത്തും. തുടർന്ന് ഗ്ലാസ് പാലം നിർമ്മിക്കും.
ഷൊർണൂരിനെയും ചെറുതുരുത്തിയെയും ബന്ധിപ്പിച്ചുള്ള പുതിയ പാലം 2003ൽ തുറന്നപ്പോഴാണ് പഴയ കൊച്ചിൻ പാലം അടച്ചത്. 2011 നവംബർ ഒന്നിനാണ്പാലം ആദ്യം തകർന്നത്. 2018ലെയും 2019ലെയും പ്രളയങ്ങളിൽ ഇടിഞ്ഞ ഭാഗങ്ങളിൽ വെള്ളംകയറി. 2022ൽ കൂടുതൽ ഭാഗങ്ങൾ തകർന്നു.
84 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച പാലം
കൊച്ചി മഹാരാജാവ് രാമവർമ്മയുടെ ആഗ്രഹപ്രകാരം ബ്രിട്ടീഷുകാരുടെ കാലത്താണ് കൊച്ചിൻ പാലം നിർമ്മിച്ചത്. ഷൊർണൂരിലൂടെയുള്ള ട്രെയിൻ ഗതാഗതം തിരുവിതാംകൂറിലേക്കും എത്തിക്കുകയായിരുന്നു ലക്ഷ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടങ്ങളുൾപ്പെടെ ഉപയോഗിച്ചാണ് നിർമ്മാണത്തിനുള്ള 84 ലക്ഷം രൂപ കണ്ടെത്തിയത്. 1902 ജൂൺ രണ്ടിന് ആദ്യ ചരക്കുതീവണ്ടി കടന്നുപോയി. ജൂൺ 16ന് യാത്രാവണ്ടിയും സർവീസ് നടത്തി. ട്രാക്ക് മീറ്റർ ഗേജിൽ നിന്ന് ബ്രോഡ്ഗേജിലേക്ക് മാറിയപ്പോൾ ബ്രിട്ടീഷുകാർ ട്രെയിൻ ഗതാഗത്തിന് പുതിയ പാലം നിർമ്മിച്ചു. തുടർന്നാണ് പാലം വാഹനങ്ങൾക്കായി പരിമിതപ്പെടുത്തിയത്. ശ്രീനാരായണഗുരു ദേവനും ചട്ടമ്പിസ്വാമികളും ഈ പാലത്തിലൂടെ കാൽനടയാത്ര ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |