SignIn
Kerala Kaumudi Online
Sunday, 18 October 2026 10.56 PM IST

നിയന്ത്രണം വന്നാൽ നിലയ്ക്കലിന് നിലതെറ്റും

sabari

ശബരിമല : പ്രതികൂല കാലാവസ്ഥയും തിരക്കുംമൂലം ശബരിമലയിലും പമ്പയിലും തീർത്ഥാടകർക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ഏറെയും ബാധിക്കുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിനെ. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. മഴ ശക്തമായാൽ ശബരിമലയിലും പമ്പയിലും തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. പകരം നിലയ്ക്കലിൽ സൗകര്യമൊരുക്കേണ്ടിവരും. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ശക്തമായ മഴയാണ് ശബരിമലയിൽ ഉണ്ടായത്. തുടർന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിലെ വിവിധയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലയ്ക്കലിൽ മണിക്കൂറുകളോളം തീർത്ഥാടകരെ തടഞ്ഞു. ചക്രവാത ചുഴിയെ തുടർന്ന് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേനകൾ മുൻകരുതൽ സ്വീകരിച്ചുതുടങ്ങി. എന്നാൽ അടിയന്തര ഘട്ടങ്ങളെ നേരിടാൻ നിലയ്ക്കൽ പൂർണ്ണ സജ്ജമല്ലെന്നാണ് സുരക്ഷാസേനകളുടെ വിലയിരുത്തൽ. അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സൗകര്യങ്ങൾ കുറവ്

നിലയ്ക്കൽ ബേസ് ക്യാമ്പിനായി 110 ഹെക്ടർ സ്ഥലം വനംവകുപ്പ് ദേവസ്വം ബോർഡിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ തീർത്ഥാടകർക്ക് ആവശ്യമായ ശൗചാലയങ്ങൾ, താമസ സൗകര്യം , കുടിവെള്ളം, പാർക്കിംഗ് സൗകര്യം , ആശുപത്രി, മികച്ച റോഡുകൾ തുടങ്ങിയവ ഒരുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇവയൊന്നും പൂർണ്ണ ഫലപ്രാപ്തയിൽ എത്തിയിട്ടില്ല. തിരക്ക് വർദ്ധിച്ചതോടെ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസിനായി തീർത്ഥാടകർ ഏറെനേരം കാത്തുനിൽക്കണം. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ നിലയ്ക്കലിൽ തീർത്ഥാടകരെ തടഞ്ഞിട്ടത് പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.

നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ടെങ്കിലും എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL