
പത്തനംതിട്ട : 'വല്ലഭന് പുല്ലും ആയുധം'. ദുരന്തമുഖങ്ങളിൽ ജില്ലയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പോളിസി ഇതാണ്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലെങ്കിലും ഉള്ളതുകൊണ്ട് രക്ഷാകവചമാകുകയാണ് സേന.
പ്രകൃതി ദുരന്തം, വാഹനാപകടങ്ങൾ, തീപിടിത്തം, ജലാശയങ്ങളിലെ അപകടങ്ങൾ എന്നിങ്ങനെ ഏത് അടിയന്തര സാഹചര്യങ്ങളിലും സന്നദ്ധരായി അഗ്നിരക്ഷാ സേനയുണ്ട്. ഒരുഫോൺ കോളിന് പിന്നാലെ ജീവൻ കയ്യിലെടുത്ത് ദുരന്തമുഖത്ത് എത്തുന്ന രക്ഷകരുടെ ജീവന് വില കൽപ്പിക്കുന്നില്ലായെന്നതാണ് വാസ്തവം. ഏതുദുരന്ത സ്ഥലത്ത് എത്തിയാലും വെട്ടുകത്തിയും വടവുമാണ് പ്രധാന ആയുധം. അപകടത്തിന്റെ സ്വഭാവം അനുസരിച്ച് ഉപയോഗിക്കാനുള്ള അത്യാധുനിക ഉപകരണങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. നദികളും ജലാശയങ്ങളും ഡാമുകളും തണ്ണീർത്തടങ്ങളും പാറക്കുളങ്ങളും ധാരാളമുള്ള ജില്ലയിൽ വെള്ളത്തിലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഇല്ല.
മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ ജീവനും വലിയ പ്രാധാന്യമാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ നൽകുന്നത്. പശുവും ആടും പൂച്ചയും കോഴിയും പക്ഷികളും മാത്രമല്ല വലയിൽ കുരുങ്ങിയ പാമ്പുകളെപ്പോലും സേനാംഗങ്ങൾ രക്ഷപ്പെടുത്താറുണ്ട്.
പ്രധാന പോരായ്മകൾ
ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ അംഗബലമോ റബർ ഡിങ്കി ബോട്ടുകളോ സേനയ്ക്ക് ഇല്ല. പത്തനംതിട്ടയിൽ മാത്രമാണ് ഒരു റബർ ഡിങ്കി ബോട്ടും സ്ക്യൂബാ ടീമും ഉള്ളത്. ജില്ലയിൽ എവിടെയും ഈ സംഘമാണ് എത്തേണ്ടത്. വെള്ളത്തിൽ മുങ്ങിയാൽ ഏഴ് മിനിറ്റിനുള്ളിൽ മരണം സംഭവിക്കുമെന്നിരിക്കെ സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്താൻ സ്കൂബാ ടീമിന് കഴിയുന്നില്ല.
തീപിടുത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ ധരിക്കേണ്ട ഫയർ എൻട്രി സ്യൂട്ടുകൾ ഇല്ലാതെയാണ് രക്ഷാപ്രവർത്തനം. ഫയർ സ്റ്റേഷന്റെ പ്രവർത്തനത്തിന് 38 സേനാംഗങ്ങൾ വേണമെന്നിരിക്കെ ജില്ലയിലെ ഒരു സ്റ്റേഷനിൽ പോലും പൂർണമായും സേന സജ്ജമല്ല. വാഹനങ്ങളുടെ കുറവും പ്രതിസന്ധിയാണ്.
ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളിൽ ആവശ്യത്തിന് അംഗബലമില്ലാത്തതും രക്ഷാഉപകരണങ്ങളില്ലാത്തതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തും.
അഡ്വ.അബിൻ വർക്കി എം.എൽ.എ
ജില്ലയിൽ അഗ്നിരക്ഷാനിലയങ്ങൾ : 5
ഒരു നിലയത്തിൽ ആവശ്യമായ സേനാംഗങ്ങളുടെ എണ്ണം: 38
സീതത്തോട് നിലയത്തിലുള്ളവർ: 17
ജില്ലയിലെ പരിശീലനം സിദ്ധിച്ച സ്ക്യൂബാ ടീം അംഗങ്ങൾ: 10
അവശ്യഘട്ടത്തിൽ വിളിക്കേണ്ട നമ്പർ: 101
അഗ്നിരക്ഷാ സേന ഉപയോഗിക്കുന്ന വാഹനങ്ങൾ ഫയർ എൻജിൻ, ഏരിയൽ ലാഡർ പ്ലാറ്റ് ഫോം, ഫസ്റ്റ് റെസ്പോണ്ടർ വെഹിക്കിൾ, ഡി.സി.പി ടെന്റർ, റെസ്ക്യു ടെന്റർ, അഡ്വാൻസ് റെസ്ക്യൂ വെഹിക്കിൾസ്, ജീപ്പ്, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |