
റാന്നി : റാന്നിയുടെ ചരിത്രത്തെ ഇരുട്ടിലാക്കിയ ആ കറുത്ത ദിനത്തിന് ഇന്ന് 30 വർഷം തികയുന്നു. 1996 ജൂലായ് 29ന് ഉച്ചകഴിഞ്ഞ് 3.28നാണ് പമ്പാനദിക്ക് കുറുകെയുള്ള വലിയപാലത്തിന്റെ ഒരുഭാഗം ഞെട്ടിപ്പിക്കുന്ന വലിയ ശബ്ദത്തോടെ നദിയിലേക്ക് പതിച്ചത്. പാലത്തിലൂടെ ബസും ഓട്ടോറിക്ഷയും കടന്നുപോയ തൊട്ടടുത്ത നിമിഷത്തിലായിരുന്നു ദുരന്തം. കാൽനടയാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. എങ്കിലും, ഇരുകരകളെയും ബന്ധിപ്പിച്ചിരുന്ന കണ്ണിയറ്റതോടെ റാന്നി ഒറ്റപ്പെട്ടുപോയി. പഴയ പാലത്തിനു 32 വർഷത്തെ പഴക്കമായിരുന്നു.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തായിരുന്ന അന്നത്തെ എം.എൽ.എ രാജു എബ്രഹാം ഉടൻതന്നെ മുഖ്യമന്ത്രി ഇ.കെ.നായനാരെയും പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫിനെയും വിവരമറിയിച്ചു. സ്പീക്കർ സഭയിലും അറിയിച്ചതോടെ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ ഇരുകരകളിൽ നിന്നും ഉടൻ ബസ് സർവീസുകൾ ആരംഭിച്ചു. അങ്ങാടിയിൽ അടിയന്തരമായി ആശുപത്രി അനുവദിക്കുകയും തോട്ടമൺകരയിൽ ഭാരത് പെട്രോളിയത്തിന്റെ പമ്പ് ആരംഭിക്കുകയും ചെയ്തു.
ശബരിമല തീർത്ഥാടനം മുന്നിൽ കണ്ട് അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗും പ്രതിരോധമന്ത്രി മുലായം സിംഗ് യാദവും ഇടപെട്ടതോടെ ബാംഗ്ലൂർ മിലിട്ടറി എൻജിനിയറിംഗ് വിഭാഗം രണ്ടുദിവസം കൊണ്ട് ബെയ്‌ലി പാലം നിർമ്മിച്ചു. അതിനിടെ കടത്തുവള്ളം മറിഞ്ഞ് ഒരാൾ മരണപ്പെട്ടതിനെ തുടർന്ന് ചങ്ങാട സർവീസും ആരംഭിച്ചു. ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ 17 റോഡുകളെ ശബരിമല സ്പെഷ്യൽ റോഡുകളായി പ്രഖ്യാപിച്ച് വികസന ഫണ്ടും അനുവദിച്ചു.
അതിവേഗത്തിൽ പുതിയ പാലം
കേരള ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ധനകാര്യമന്ത്രി എന്നിവർ മാത്രം ഫയൽ കണ്ട് തുക അനുവദിക്കാൻ തീരുമാനിച്ചതോടെ തടസങ്ങളെല്ലാം നീങ്ങി. ഭഗീരത എൻജിനീയറിംഗ് കമ്പനി ഏറ്റെടുത്ത നിർമ്മാണം വെറും ഒരുവർഷത്തിനകം പൂർത്തിയാക്കി പുതിയ പാലം നാടിന് സമർപ്പിച്ചു.
സമാന്തര പാലം ഉയരുന്നു
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി അങ്ങാടി ഉപാസന കടവിനെയും പെരുമ്പുഴയേയും ബന്ധിപ്പിച്ച് പുതിയ സമാന്തര പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സമീപന റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസം കാരണം ആദ്യ കരാർ കമ്പനി നിർമ്മാണം ഉപേക്ഷിച്ചിരുന്നെങ്കിലും, വീണ്ടും ടെൻഡർ ചെയ്ത് പണികൾ പുനരാരംഭിച്ചിട്ടുണ്ട്. ഈ പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റാന്നിയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |