SignIn
Kerala Kaumudi Online
Monday, 24 August 2026 1.21 AM IST

കൈയൊടിഞ്ഞ ഗാന്ധിജിയും കണ്ണുകാണാത്ത നമ്മളും (കഥയും കാഴ്ചയും)

gamdhi

കണ്ണടയില്ലാതെ ഗാന്ധിജിയുണ്ടോ ?​. പത്തനംതിട്ടയിൽ ഉണ്ടായിരുന്നു. നഗരമദ്ധ്യത്തിലെ ഗാന്ധിസ്ക്വയറിലെ ഗാന്ധിപ്രതിമ കണ്ണടയില്ലാതെ നിന്നത് ഏറെനാളുകളാണ്. മഹാത്മാഗാന്ധിയെ പണ്ടേ മറന്ന നമ്മൾ കണ്ണടയില്ലാതെ ഗാന്ധിജി നിൽക്കുന്നതും കണ്ടില്ല. ഗാന്ധിക്കണ്ണട കള്ളൻ കട്ടുകൊണ്ടുപോയതാണ്. ഭഗവാനെന്തിന് പാറാവെന്ന് പണ്ട് ഇ.കെ.നായനാർ ചോദിച്ചതുപോലെ ഗാന്ധിജിക്കെന്തിനാണ് കണ്ണടയെന്ന് കള്ളൻ ചിന്തിച്ചിരിക്കാം.

നാടറിഞ്ഞ ബ്രാഹ്മണന് പൂണുല് വേണ്ടെന്ന പഴഞ്ചൊല്ലുണ്ട്. നാലാളറിയുന്ന ആൾക്ക് ആടയാഭരണങ്ങൾ വേണ്ടെന്ന് ചുരുക്കം. . പക്ഷേ മഹാത്മാഗാന്ധിയുടെ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റില്ലല്ലോ.. കണ്ണടയും ഉൗന്നുവടിയും പാൽപ്പുഞ്ചിരിയുമൊന്നുമില്ലാതെ ഗാന്ധിജിയില്ലല്ലോ. ആ കണ്ണടയിലൂടെയാണല്ലോ ഇന്ത്യയുടെ ഭാവിയെ ആ മഹാത്മാവ് സ്വപ്നം കണ്ടത്. ഗാന്ധിജിയുടെ കണ്ണട മോഷണംപോയ വിവരം പക്ഷേ നഗരസഭയും നാട്ടുകാരും പൊലീസും അറിഞ്ഞില്ല. സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിപ്രതിമ കഴുകിത്തുടച്ച നഗരസഭയും പുഷ്പാർച്ചന നടത്തിയ സംഘടനകളും ആ കണ്ണടക്കാര്യം ശ്രദ്ധിച്ചതേയില്ല.

ഗാന്ധിയെത്തന്നെ മറന്നുതുടങ്ങുമ്പോൾ പ്രതിമയെ ശ്രദ്ധിക്കാൻ ആർക്കുനേരം. കള്ളൻ കണ്ണട കട്ടതിന് പൊലീസിൽ പരാതി നൽകാൻ പാവം പ്രതിമയ്ക്ക് കഴിയില്ലല്ലോ. ഒടുവിൽ ആരോ വിവരം അറിയിച്ചപ്പോൾ സംഗതി വാർത്തായി. പത്തനംതിട്ട ജെ.സി.ഐ പുതിയ കണ്ണട വാങ്ങി പ്രതിമയിൽ വയ്ക്കുകയും ചെയ്തു. മുമ്പൊരിക്കൽ ഇതേ ഗാന്ധിപ്രതിമയുടെ കൈ തല്ലിയൊടിച്ച സംഭവമുണ്ട്. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുമ്പോഴായിരുന്നു അത്. രാഷ്ട്രീയപാർട്ടികളുടെ കൊട്ടും കലാശവും രൂക്ഷമായപ്പോഴുള്ള ബഹളത്തിനിടെ ഒത്തനടുക്ക് നിന്നിരുന്ന പ്രതിമയുടെ വലതുകൈ ഒടിഞ്ഞു. പ്രതിഷേധിക്കാനും പ്രകടനം നടത്താനും ആളുകൾ വട്ടംകൂടുന്നത് ആ പ്രതിമയ്ക്ക് മുന്നിലാണല്ലോ. ഒടിഞ്ഞ കൈയുമായി ഗാന്ധിജി ഒന്നരമാസം നിന്ന നിൽപിൽ നിന്നു. പ്രതിമയ്ക്ക് നൊന്തില്ല. അതുകണ്ട നാട്ടുകാർക്കും നൊന്തില്ല. മഹാത്മാവേ മാപ്പ്,.,.,

ഗാന്ധിജിയുടെ കണ്ണട മോഷണംപോയ വിവരം പക്ഷേ നഗരസഭയും നാട്ടുകാരും പൊലീസും അറിഞ്ഞില്ല. ഗാന്ധിക്കണ്ണട കള്ളൻ കട്ടുകൊണ്ടുപോയതാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL