
കോഴഞ്ചേരി : പാർത്ഥസാരഥിക്ക് പിറന്നാൾ സദ്യ വിളമ്പാനായി ആറൻമുള ക്ഷേത്രമുറ്റം ഒരുങ്ങി. ആനക്കൊട്ടിൽ വലതുവശം പടിഞ്ഞാറ് യക്ഷി നട വരെ 52 കരകളിലെ പള്ളിയോടങ്ങൾക്കായി സദ്യ വിളമ്പുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തെക്കുവശത്തുള്ള ഊട്ടുപുരയിൽ ഭക്തജനങ്ങൾക്ക് സദ്യ നൽകും. പ്രത്യേക പന്തലും തയ്യാറാക്കി. രണ്ടുദിവസമായി സദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കി വരുന്നു. വള്ളസദ്യ കരാറുകാരൻ അനീഷ് ചന്ദ്രനൊപ്പം മുതിർന്ന പാചകക്കാരൻ പി.പ്രസാദ് ഉൾപ്പടെ 500ലധികം പേർ പാചകപ്പുരയിൽ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ആനക്കൊട്ടിലിൽ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തിൽ ദീപം കൊളുത്തി നിലവിളക്കിന് മുമ്പിൽ വിഭവങ്ങൾ വിളമ്പും. മേൽശാന്തി വി.എസ്.ശങ്കരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം ആനക്കൊട്ടിലിലെ വിളക്കിലേക്ക് കൈമാറും. രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുക്കും. പള്ളിയോട സേവാസംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് , ജോയിന്റ് കൺവീനർ സുരേഷ് പുതുക്കളങ്ങര, ട്രഷറർ രമേഷ് മാലിമേൽ , വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ് ,സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ നേതൃത്വം നൽകുന്നു.
125 ലിറ്റർ അമ്പലപ്പുഴ പാൽപ്പായസം അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ തയ്യാറാക്കും.
ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം ഭാരവാഹികൾ
വെറ്റില,പുകയില നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.
ചേനപ്പാടി സംഘം തൈരുമായി എത്തി
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി വാഴൂർ തീർത്ഥ പാദാശ്രമം അദ്ധ്യക്ഷൻ പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികളുടെ നേതൃത്വത്തിൽ ചേനപ്പാടി സംഘം1500 ലിറ്റർ തൈര് ക്ഷേത്രത്തിൽ എത്തിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ, തൈര് വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനവുമായി 250 പേരടങ്ങുന്ന സംഘം നാമസ്തുതികളുമായി ക്ഷേത്രത്തിന്റെ പതിനെട്ടാം പടിക്ക് മുന്നിലെത്തി. അവിടെവെച്ച് പള്ളിയോട സേവാസംഘം ഭാരവാഹികൾ സംഘത്തലവന്മാരെ തുളസിമാലയിട്ട് സ്വീകരിച്ച് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ക്ഷേത്രത്തിന് പ്രദിക്ഷണം വച്ചെത്തിയ സംഘം കൊടിമരച്ചുവട്ടിൽ പാള തൈര് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന് കൈമാറി. ചിറക്കടവ്, ചെറുവള്ളി, എരുമേലി എന്നിവിടങ്ങളിലെ ഭക്തരും ചേനപ്പാടി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കൺവീനർ സുനിൽകുമാർ പഴുക്കാപറമ്പിൽ, പ്രസിഡന്റ് രാജപ്പൻ നായർ കോയിക്കൽ, സെക്രട്ടറി ജയകൃഷ്ണൻ കുറ്റിക്കാട്, ട്രഷറർ അഭിലാഷ് എന്നിവരാണ് ചേനപ്പാടി പാളത്തൈര് സമർപ്പണസമിതിക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |