
പത്തനംതിട്ട : കുട്ടികൾക്കിടയിലെ മുങ്ങി മരണങ്ങൾ കുറയ്ക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്വിം സേഫ് പദ്ധതി ജില്ലയിൽ നടപ്പായില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു പദ്ധതി. ഒരു ജില്ലയിൽ ആയിരം കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകേണ്ടത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് സ്കൂളുകളിൽ നടപ്പാക്കി. മറ്റു ജില്ലകളിൽ സ്കൂളുകളെയും വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തു. എന്നാൽ, പത്തനംതിട്ടയിൽ പദ്ധതി സർക്കാർ ഉത്തരവിൽ ഒതുങ്ങി. ജലാശയങ്ങൾക്കും റിസർവോയറുകൾക്കും സമീപമുള്ള സ്കൂളുകളെ ആദ്യം തിരഞ്ഞെടുക്കാനായിരുന്നു നിർദേശം. കുട്ടികൾക്ക് അടിസ്ഥാന നീന്തൽ പരിശീനം നൽകുന്നതിനൊപ്പം ജലസുരക്ഷയെപ്പറ്റി ബോധവൽക്കരിക്കുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
യു.പി, ഹൈസ്കൂൾ കുട്ടികളുടെ പങ്കാളിത്വമായിരുന്നു ലക്ഷ്യമിട്ടത്. സോഷ്യൽ മീഡിയയിലെ റീൽസുകൾ കണ്ട് കുട്ടികൾ കുളങ്ങളിലേക്കും നദികളിലേക്കും പാറക്കുളങ്ങളിലേക്കും എടുത്തചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് സംസ്ഥാന അടിസ്ഥാനത്തിൽ സ്വിം സേഫ് ആവിഷ്കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി. സർക്കാർ മാറിയ ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് പദ്ധതി സംബന്ധിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
മുങ്ങി മരണം കൂടുന്നു
കഴിഞ്ഞ വർഷം മുങ്ങി മരിച്ച 22 പേരിൽ പതിനൊന്നും വിദ്യാർത്ഥികളായിരുന്നു. പരീക്ഷകൾ കഴിഞ്ഞ് വിനോദത്തിന്റെ ഭാഗമായി പാറക്കെട്ടുകളുടെ അരികിലെത്തി വെള്ളത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. റീൽസുണ്ടാക്കാനും സെൽഫിയെടുക്കാനും ശ്രമിക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണ് ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് കടവുകളിലേക്ക് ഇറങ്ങുന്നവർ ചുഴികളിൽപെടുന്നു. പ്രദേശവാസികളുടെ വിലക്കിനെ കുട്ടികൾ വകവയ്ക്കാറില്ല.
ജില്ലയിൽ രണ്ടു വർഷത്തിനുള്ളിൽ
മുങ്ങി മരിച്ചവർ : 67
'' പദ്ധതി സംബന്ധിച്ച് സർക്കാരിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല.
സ്കൂൾ എച്ച്.എം ഫോറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |