
പത്തനംതിട്ട : ഓണവിപണിയിൽ പതിവായി വലിയ ലാഭം നേടുന്ന ഖാദിക്ക് ഇത്തവണ അടിപതറി. കഴിഞ്ഞവർഷം ലഭിച്ച വരുമാനം ഈ ഓണത്തിന് നേടാനായില്ല. മിന്നൽ പ്രളയമാണ് വില്ലനായത്. കഴിഞ്ഞ വർഷം 1.30 കോടി വരുമാനം ലഭിച്ചപ്പോൾ ഇത്തവണ 1.10 കോടി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഖാദി ബോർഡിന് കൂടുതൽ ലാഭം നേടാനാകുന്നത് ഓണം സീസണിലാണ്. റാന്നിയിൽ വെള്ളപ്പൊക്കം കാരണം രണ്ടാഴ്ചയിൽ കൂടുതൽ വിൽപ്പന പൂർണമായും മുടങ്ങി. ഇലന്തൂരിലും പത്തനംതിട്ടയിലും അടൂരുമായിരുന്നു മറ്റുവിൽപന കേന്ദ്രങ്ങൾ. പ്രളയ ഭീതികാരണം ആളുകൾ എത്താതിരുന്നതും കച്ചവടത്തെ ബാധിച്ചു.
സംസ്ഥാനത്തെ ഖാദിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. പയ്യന്നൂർ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഉൽപ്പന്നങ്ങളെത്തുക.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഖാദി വസ്ത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മുപ്പത് ശതമാനം അധികവരുമാനം ഇക്കാലയളവിൽ നേടാനായി. വിൽപനയിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് തൊഴിലാളികളുടെ കൂലിയുടെ എഴുപത്തഞ്ച് ശതമാനവും നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്നതാണ് ഇരുപത്തഞ്ച് ശതമാനം.
നടപ്പാക്കാതെ ഖാദി ദിവസം
ഖാദി ബോർഡിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാർ ഉദ്യോഗസ്ഥർ ഖാദി, കൈത്തറി വസ്ത്രങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ധരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. 2006 ഡിസംബർ 30നാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 2007ന്റെ തുടക്കം മുതൽ ഖാദിവസ്ത്രം ധരിക്കണമെന്ന് ഉത്തരവ് വന്നത്. 2009, 2012, 2021 എന്നീ വർഷങ്ങളിലും ഉത്തരവ് വന്നെങ്കിലും പൂർണമായി നടപ്പാക്കാനായില്ല.
കഴിഞ്ഞ വർഷം ഓണത്തിന് ലഭിച്ചത് 1.30 കോടി
ഇത്തവണ ലഭിച്ചത് : 1.10 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |