
സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി തുടങ്ങി
പത്തനംതിട്ട: സി.പി.എമ്മിന്റെ മുതിർന്ന നേതാവായ പിണറായി വിജയനെതിരെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. സി.പി.എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളെ ആക്ഷേപങ്ങളിലൂടെ ഇല്ലാതാക്കാനാണ് ശ്രമം.
പിണറായിയെ കൈക്കൂലി കേസിൽ പെടുത്താൻ ശ്രമിക്കുന്നു. സേവനം കൊടുത്തതിനാണ് പിണറായിയുടെ മകൾക്കെതിരെ നീങ്ങുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ച മാദ്ധ്യമങ്ങളും പിന്നിലുണ്ട്. സുപ്രീംകോടതി വരെ പോയിട്ടും ഒന്നുംസംഭവിച്ചില്ല. ഇ.ഡിക്ക് രാഷ്ട്രീയമുണ്ട്. കാൽനൂറ്റാണ്ട് പിണറായിയെ വേട്ടയാടിയില്ലേ. വ്യക്തിപരമായ വേട്ടയാടാൽ എന്ന അപകടകരമായ അന്തരീക്ഷത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നത്. ഇതിന് കേരളത്തിലെ യു.ഡി.എഫ് സർക്കാരും കൂട്ടുനിൽക്കുകയാണ്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നല്ല തിരിച്ചടിനേരിട്ടു. ഇന്ത്യയിൽ സ്വാധീനം ഉണ്ടാകാത്ത കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നു. ജനസ്വാധീനമുള്ള സി.പി.എം നേതാക്കൾ തോറ്റു. നമ്മുടെ കരുത്തും ബലഹീനതയും ചർച്ച ചെയ്യണം. പരിമിതികൾ അതിജീവിക്കാൻ ഉൾപാർട്ടി ചർച്ച നടക്കണം.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും വോട്ടവകാശം നിഷേധിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ കോടിക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്നുനീക്കി. ഭീതിജനകമായ അന്തരീക്ഷമാണ് കമ്മിഷൻ ഉണ്ടാക്കിയത്. ചെറുത്തുനിൽപ്പിന് വേഗത വർദ്ധിക്കുന്നു എന്നത് പ്രത്യാശ നൽകുന്നു. അതിനുമുന്നിൽ നിൽക്കാൻ സി.പി.എമ്മിന് കഴിയുന്നുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. മുതിർന്ന പ്രതിനിധി പി.ജെ.അജയകുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.ബിജു, പി.രാജീവ്, വി.എൻ.വാസവൻ, എം.വി.ജയരാജൻ, പി.ജയരാജൻ, സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസക്ക്, മുൻമന്ത്രി വീണാജോർജ്, ജില്ലാസെക്രട്ടറി രാജു ഏബ്രഹാം, നേതാക്കളായ കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ആർ.സനൽകുമാർ, ഓമല്ലൂർ ശങ്കരൻ, കോമളം അനിരുദ്ധൻ, ആർ.ഉണ്ണികൃഷ്ണപിള്ള, കെ.അനന്തഗോപൻ എന്നിവർ സന്നിഹിതരായിരുന്നു.
പൊതുസമ്മേളനം ഇന്ന്
വിപുലീകൃത ജില്ലാകമ്മിറ്റിയുടെ സമാപനം കുറിച്ച് പൊതുസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |