പത്തനംതിട്ട: ഡൽഹിയിൽ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ സമരം നടത്തുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആർ.എസ്.എസിനു കീഴടങ്ങികഴിയുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ ഹിന്ദുക്കൾക്കായി സനാതനികൾ മുറവിളി കൂട്ടുകയാണ്. എന്നാൽ ഇൗ സനാതനികൾ പട്ടികജാതിക്കാരെയോ പിന്നാക്കക്കാരനെയോ അംഗീകരിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ ഏറ്റവും മുകളിൽ നിൽക്കുന്നവരോടാണ് ഇവരുടെ താൽപ്പര്യം. കേരളത്തിലെ സാമൂഹ്യപരിഷ്‌കാരങ്ങളിൽ ഇവർക്കുള്ള പങ്ക് പൂജ്യമാണ്. പാവപ്പെട്ടവന് ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കിയത് പുരോഗമനപ്രസ്ഥാനങ്ങളാണ്. ഇത്തരം ആളുകൾക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ. ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി മുഴുവൻ സമയം ആകാശത്തിലാണ്. മന്ത്രിമാർ വിദേശയാത്രയിലും. കഴിഞ്ഞ പത്തുവർഷ കാലം കേരളം കാണാത്ത ഭരണരീതിയാണ് നാലുമാസത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. പി.ജയരാജൻ, എം.വി ജയരാജൻ, രാജു ഏബ്രഹാം, കെ.അനന്തഗോപൻ, ഓമല്ലൂർ ശങ്കരൻ, പി.ബി ഹർഷകുമാർ, കോമളം അനിരുദ്ധൻ, വീണാ ജോർജ്, പി.ആർ പ്രസാദ്, ടി.ഡി ബൈജു, എം.വി സഞ്ജു, ആർ.സനൽകുമാർ, ലസിത നായർ, കെ.യു ജനീഷ് കുമാർ, സക്കീർ ഹുസൈൻ, എൻ.സജി കുമാർ, സി.രാധാകൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |