കൊടുമൺ : പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമാകും. 2500 ലധികം വിദ്യാർത്ഥികൾ വിവിധ കായിക ഇനങ്ങളിലായി പങ്കെടുക്കും. രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയർ ജൂനിയർ വിഭാഗങ്ങളിലുള്ള 1500മീറ്റർ ഓട്ട മത്സരമാണ് മേളയുടെ ഉദ്ഘാടനത്തിനു മുൻപ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 9ന് കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതദേവി ഡി.ജി പതാക ഉയർത്തും. കായികമേളയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും. അഡ്വ.സി.വി ശാന്തകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
..............................
ഇന്ന് നടക്കുന്ന മത്സരങ്ങൾ
ലോംഗ് ജംപ്, ഷോട്ട് പുട്ട്,ഡിസ്ക്കസ് ത്രോ,1500 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം 400 മീറ്റർ ഹർഡിൽസ് എന്നീ മത്സര ഇനങ്ങളാണ് ഇന്ന് നടക്കുന്നത്.കായിക മേള മറ്റെന്നാൾ അവസാനിക്കും.
.............................
ആരും അറിയാതെ കായിക മേള, എല്ലാം തട്ടിക്കൂട്ട്
സ്റ്റേഡിയത്തിൽ വെറുതെ നടക്കാൻ പോലും ഫീസ് മേടിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് കൊടുമണ്ണിലുള്ളതെന്ന ആക്ഷേപം ശക്തമാണ്. 5500 രൂപയാണ് ജില്ല സ്കൂൾ കായിക മേളയ്ക്ക് പഞ്ചായത്ത് ഒരു ദിവസം ഈടാക്കുന്നത്. ഇത്രയും തുക വാടക ഇനത്തിൽ മേടിക്കുമ്പോഴും കായിക മേള നടത്താൻ ആവശ്യമായ യാതൊരു പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നില്ല. സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് ഇളകി കിടക്കുകയാണ്. മുൻ കായിക മേളയിൽ മത്സരാർത്ഥിക്ക് കാൽ പാദത്തിന്റെ അടി ഭാഗം പൊള്ളിപോയ സംഭവം ഉണ്ടായിട്ടുണ്ട്. കടുത്ത ചൂടിൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കാൻ ഇടയുണ്ട്. ഹൈ ജംപ് ബെഡിന്റെ സ്പോഞ്ച് ഭാഗം മിക്കതും പൊളിഞ്ഞിരിക്കുകയാണ്. മത്സരാർത്ഥികൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. സ്റ്റേഡിയത്തിലെ ടോയ്ലെറ്റുകൾ പലതും പ്രവർത്തന സജ്ജമല്ല. ഷവർ ടാപ്പ് പലതും ഊരിയ നിലയിലാണ്. ഗ്യാലറി തട്ടിക്കൂട്ട് സംവിധാനത്തിലാണ്. ഇപ്പോൾ സംഘാടകർ മുൻകൈയെടുത്ത് ഷീറ്റ് കൊണ്ട് പന്തൽ തയാറാക്കിയിട്ടുണ്ട്. രാവിലെ പ്രഭാത സവാരിക്കായി നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഇവരിൽ നിന്ന് ഫീസ് ഈടാക്കിയിട്ടും യാതൊരു നവീകരണവും നടത്താൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല. ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന കായിക മേളയ്ക്ക് ഇന്നലെ വൈകുന്നേരം വരെയും ജില്ലയിലെ ആരോഗ്യ വകുപ്പ് ആംബുലൻസ് അനുവദിച്ചു നൽകിയില്ല. സംഘാടക സമിതി രൂപീകരണം വരെ പൂർത്തിയായിട്ടും വിവരം മാദ്ധ്യമങ്ങളെ അറിയിക്കാൻ സംഘാടക സമിതി തയാറായില്ലെന്ന പരാതിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |