SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

കുളിർമയേകി കോന്നിയിലെ കുട്ടിവനം

forest-
കോന്നി ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്തെ കുട്ടി വനം

കോന്നി: അച്ഛൻകോവിലാറിന്റെ തീരത്ത് കോന്നി ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്തെ അഞ്ചേക്കറിൽ വരുന്ന കുട്ടി വനം കടുത്ത വേനലിലും കുളിർമയേകുന്നു. ബംഗ്ലാവ് മുരുപ്പ് എന്ന പേരിൽ അറിയപ്പെടുന്ന കുന്നിന്റെ മുകളിലെ ബംഗ്ലാവിന്റെ പരിസരത്തെ വനമാണിത്. കാഞ്ഞിരം, നെല്ലി, അത്തി, തേക്ക്, വീട്ടി, കടമരം, കമ്പകം, ഞാവല്‍, കരിങ്ങാലി, കരിമരം, മുളകൾ, അരയാൽ, വെള്ളകിൽ, കാരകിൽ, പേരാൽ, ഇലവ്, ഉറക്കംതൂങ്ങിമരം, പ്ലാശ്, ഇത്തി, അമ്പഴം, കൂവളം, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈൻ, വഞ്ചിമരം, പ്ലാവ്, തേമ്പാവ്, കാരാഞ്ഞിലി, വയന തുടങ്ങി നിരവധി വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും ഔഷധസസ്യങ്ങളും ഇവിടെയുണ്ട്. ബ്രിട്ടീഷ് ഫോറസ്റ്റ് കൺസർവേറ്റർ ടി.എഫ്.ബോർഡിലോണിന്റെ കാലത്ത് നിർമ്മിച്ചതാണ് ബംഗ്ലാവ്. വനം വന്യജീവി വകുപ്പിന്റെ ഈ സ്ഥലത്ത് ഇവിടെ ഔഷധ സസ്യ ഉദ്യാനവും നിർമ്മിച്ചിട്ടുണ്ട്. വിവിധതരം ഔഷധസസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ കാണാൻ കഴിയും. ഇവയുടെ പേരുകളും ശാസ്ത്രനാമങ്ങളും രേഖപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പക്ഷികൾ ഈ മരങ്ങളിൽ കൂടുകൂട്ടുന്നുണ്ട്. നഗരത്തിനുള്ളിൽ ആണെങ്കിലും ഇവിടെ എത്തിയാൽ വനത്തിൽ എത്തിയ പ്രതീതിയാണ്. നിശബ്ദതയും ശാന്തതയും തണുപ്പും കിളികളുടെ ശബ്ദവും എപ്പോഴുമുണ്ടിവിടെ.

ചരിത്രമുറങ്ങുന്ന കെട്ടിടം

ഇതിനു സമീപത്ത് തന്നെയാണ് ഡി.എഫ്.ഒയുടെ ഔദ്യോഗിക വസതിയും റെയിൻ ഫാൾ സ്റ്റേഷനും. ബ്രിട്ടീഷുകാരനായിരുന്ന ഫോറസ്റ്റ് കൺസർവേറ്റർ ബോർഡിലോൺ തിരുവിതാംകൂറിലെ വനവൃക്ഷങ്ങൾ എന്ന പുസ്തകം എഴുതിയത്. അദ്ദേഹം സ്ഥാപിച്ച ഇവിടുത്തെ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിലായിരുന്നു. ഇതേ ബംഗ്ലാവിൽ താമസിച്ചുവരുമ്പോഴാണ് മറ്റൊരു ഫോറസ്റ്റ് കൺസർവേറ്റർ രാമറാവു തിരുവിതാംകൂറിലെ പുഷ്പിക്കുന്ന സസ്യങ്ങൾ എന്ന പുസ്തകം രചിച്ചതും.

.................................................

അച്ചൻകോവിലാറിന്റെ തീരത്തുനിന്ന് 1000 അടി ഉയരത്തിൽ വിശാലമായി വ്യാപിച്ചു കിടക്കുന്നതാണ് ബംഗ്ലാവ് മുരുപ്പിലെ കുട്ടിവനം. കോന്നി ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ നടന്നാൽ ഇവിടെ എത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL