പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ഇന്ന് നടതുറക്കാനിരിക്കെ ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കു ചെയ്തിരിക്കുന്നത് 30000പേർ. ഇതു കൂടാതെ ഒന്നരലക്ഷം തീർത്ഥാടകരാണ് മൂന്ന് ദിവസത്തേക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയിരിക്കുന്നത്. ഇതോടെ ഓൺ ലൈൻ ബുക്കിംഗ് നിറുത്തിവച്ചു. നാളെയും മറ്റന്നാളും 60000 തീർത്ഥാടകരാണ് ദർശനത്തിന് വെർച്വൽ ബുക്കിംഗ് നടത്തിയിരിക്കുന്നത്. ഇതു കൂടാതെ സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ ദർശനത്തിനെത്തും. ഇതോടെ ആദ്യ മൂന്നു ദിവസങ്ങളിലായി രണ്ടു ലക്ഷം തീർത്ഥാടകരെങ്കിലും സന്നിധാനത്ത് എത്തുമെന്നാണ് നിഗമനം. ശനി, ഞായർ ദിവസങ്ങൾക്കു പിന്നാലെ നവരാത്രി ഉത്സവംകൂടി എത്തിയത് തുടർച്ചയായി അഞ്ചു ദിവസം അവധി ലഭിച്ചതും തുലാമസ പൂജകൾ അവസാനിക്കുന്നതോടെ അടുത്തമാസം തീർത്ഥാടന കാലം ആരംഭിക്കുന്നതും തിരിക്കിന് കാരണമായെന്നാണ് സൂചന.
പൊലീസ് സേവനം ഇരട്ടിയാക്കി
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ജോലിക്ക് നിശ്ചയിച്ച പൊലീസ് സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി. 800 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരക്ക് നിയന്ത്രണത്തിനായി ശബരിമലയിൽ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 500 പേർ സന്നിധാനത്ത് എത്തി. പതിനെട്ടാം പടിയിൽ തീർത്ഥാടകരെ കയറ്റിവിടുന്നതിന് മാത്രം 90 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
2.5ലക്ഷം ടിൻ അരവണ
കന്നിമാസ പൂജയ്ക്കായി നടതുറന്നപ്പോൾ അരവണക്ഷാമം നേരിട്ടതു പരിഗണിച്ച് കരുതൽ ശേഖരമായി 2.5ലക്ഷം ടിൻ അരവണ നട തുറക്കുമ്പോൾ ഉണ്ടാവും. കഴിഞ്ഞ 14നാണ് അരവണ നിർമ്മാണം ആരംഭിച്ചത്. 421കൂട്ട് അരവണ നിർമ്മിക്കാനുള്ള അരിയാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. ഇനി 211കൂട്ട് അരവണ നിർമ്മിക്കാനുള്ള അരി മാത്രമാണ് അവശേഷിക്കുന്നത്. 19നെങ്കിലും കൂടുതൽ ഉണക്കലരി സന്നിധാനത്ത് എത്തിച്ചില്ലെങ്കിൽ അരവണ നിർമ്മാണം വീണ്ടും പ്രതിസന്ധിയിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |