തിരുവല്ല : എം.സി റോഡുമായി സംഗമിക്കുന്ന തിരുവല്ല രാമഞ്ചിറ ബൈപ്പാസ് സിഗ്നലിനു സമീപം റോഡ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് തിരിയുന്ന സിഗ്നലിനു സമീപമാണ് റോഡ് തകർന്ന് മെറ്റിൽ ചീളുകൾ ചിതറിക്കിടക്കുന്നത്. തിരക്കേറിയ ജംഗ്ഷനിലെ റോഡിന്റെ ശോച്യാവസ്ഥ അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. നിരവധി കുഴികൾ രൂപപ്പെട്ട റോഡിൽ യാത്രക്കാരുടെ പരാതിയെ തുടർന്ന് അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ മഴ പെയ്തതോടെ റോഡ് വീണ്ടും തകർച്ചയിലായി. കുഴികളും ഇളകിമാറിയ മെറ്റിൽ ചീളുകളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ ദുഷ്കരമായിരിക്കുകയാണ്. എം.സി റോഡിലും ഈ ഭാഗത്ത് കുഴികൾ രൂപപ്പെട്ടതോടെ രാമഞ്ചിറ ജംഗ്ഷൻ അപകടഭീഷണിയായി മാറി.
ഇരുചക്ര വാഹനയാത്രക്കാർക്ക് കെണി
റോഡിലെ കുഴികളും ചിതറിക്കിടക്കുന്ന മെറ്റിൽ ചീളുകളും ഏറ്റവും കൂടുതൽ ദുരിതം സൃഷ്ടിക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്കാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടയറുകൾക്കടിയിൽപ്പെടുന്ന മെറ്റിൽ ചീളുകൾ തെറിച്ച് കാൽനടയാത്രക്കാരുടെ ശരീരത്തിൽ പതിക്കുന്നതും പതിവായിട്ടുണ്ട്. വാഹനം ബ്രേക്ക് ഇടുമ്പോൾ തെന്നിവീഴാനുള്ള സാദ്ധ്യതും ഏറെയാണ്. റോഡിന്റെ തകർച്ച കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. അടുത്തിടെ നവീകരിച്ച റോഡ് വീണ്ടും തകർന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നടപടി ഉടനെ വേണം
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനിൽ റോഡിന്റെ ശോച്യാവസ്ഥ തുടർന്നിട്ടും ശാശ്വത പരിഹാരമുണ്ടാകാത്തതിൽ യാത്രക്കാർക്ക് അമർഷമുണ്ട്. അപകടങ്ങൾ സംഭവിക്കുംമുമ്പ് തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിച്ച് റോഡ് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. സാങ്കേതിക പരിശോധന നടത്തി അനുയോജ്യമായ രീതിയിൽ കോൺക്രീറ്റിംഗോ ഗുണമേന്മയുള്ള ടാറിംഗോ നടത്തി റോഡ് ദീർഘകാലം നിലനിൽക്കുന്നവിധം നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
.............................................................
താത്കാലിക അറ്റകുറ്റപ്പണികൾകൊണ്ട് മാത്രം പരിഹരിക്കാനാകാത്തവിധം റോഡ് തകരുന്ന സാഹചര്യത്തിൽ ഫലപ്രദമായ നടപടി വേണം
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |