
വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ സർക്കാരിൽ അറിയിക്കണം: മുഖ്യമന്ത്രി
പമ്പ : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നിലയ്ക്കലിൽ സന്ദർശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. സന്നിധാനം, പമ്പ, നിലയ്ക്കൽ, മറ്റ് തീർത്ഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിലയ്ക്കലിലെ 21 പാർക്കിംഗ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നിലയ്ക്കലിൽ പുതിയതായി നിർമ്മാണം പൂർത്തിയായ പൊലീസ് ബറാക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം. പമ്പ - ചാലക്കയം റോഡിന്റെ ആധുനിക രീതിയിലുള്ള നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിർദ്ദേശം നൽകി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം. നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റ് നിർമാണം പമ്പാ, സന്നിധാനം പൊലീസ് മെസ്സ്, പമ്പ പഴയ പൊലീസ് സ്റ്റേഷൻ, സന്നിധാനത്തെ എസ്.എച്ച്.ഒ യുടെ സ്റ്റേഷൻ തുടങ്ങി പൊലീസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോർഡ് സമയബന്ധിതമായി നടത്തണം. മരക്കൂട്ടം ശരംകൊത്തി പാതയിൽ ബാരിക്കേഡിംഗ് ഉറപ്പാക്കണം. സ്ഥിര, താത്ക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കണം. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകണം. കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണം. തീർത്ഥാടകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പരമാവധി സഹായം നൽകണം. വകുപ്പുകൾ കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വംമന്ത്രി കെ.മുരളീധരൻ, മന്ത്രിമാരായ സണ്ണി ജോസഫ്, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, എം.ലിജു, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പഴകുളം മധു, അബിൻ വർക്കി, സി.വി.ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ.യു.ജനീഷ് കുമാർ, എം.ജെ സെബാസ്റ്റ്യൻ, സിറിയാക് തോമസ്, റോണി.കെ.ബേബി, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |