കോന്നി: താലൂക്കിലുള്ള അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിൽ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ജില്ലയിലെ അരുവാപ്പുലം ഉൾപ്പെടെയുള്ള 7 വില്ലേജുകൾ ഉൾപ്പെട്ടിട്ടുള്ളത്. കോന്നി താലൂക്കിലെ അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് എന്നിവയും റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളുമാണ് പട്ടികയിലുള്ളത്. തമിഴ്നാട് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ പഞ്ചായത്താണ് അരുവാപ്പുലം. വനത്തിലെ ആവണിപ്പാറ ഉന്നതിയിയും പഞ്ചായത്തിലാണ്. കോന്നി അച്ഛൻകോവിൽ വനപാത കടന്നുപോകുന്നത് പ്രധാനമായും അരുവാപ്പുലം പഞ്ചായത്തിലൂടെയാണ്. പ്രദേശത്തെ ജനവാസ മേഖലകളും കൃഷിയിടങ്ങളും വർഷങ്ങളായി കർഷകർ ജീവിക്കുന്ന പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതിനെതിരെ വിവിധ സംഘടനകളുടെയും കർഷക കൂട്ടായ്മകളും പ്രതിഷേധങ്ങളും സമരങ്ങളും ഇപ്പോൾ നടക്കുകയാണ്. പ്രശ്നം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ടും പുനഃപരിശോധിച്ച ഭൂപടവും നൽകിയിരുന്നു. വനമേഖലയോട് ചേർന്ന ജനവാസ മേഖലകളായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർഷങ്ങളായി നിരവധി കർഷക കുടുംബങ്ങളാണ് താമസിക്കുന്നത്. കൃഷിയും കന്നുകാലി വളർത്തലും നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കുടുംബങ്ങളാണ് പ്രദേശത്തുള്ളത്.
അടിയന്തര പരിഹാരം വേണം
അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സിഐടിയു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു . പ്രദേശത്തെ പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതോപാധികളെയും പ്രദേശത്തിന്റെ വികസനത്തെയും ബാധിക്കുമെന്നും, ഈ നീക്കത്തിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്തിരിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
...............................................
അധികൃതർ ഇടപെടണം. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
ടി ആർ പ്രഭാകരൻ
( പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |