കോന്നി: ഇക്കോ ടൂറിസം സെന്ററിലെ കൊമ്പൻ കൃഷ്ണയെ വനം വകുപ്പ് വയനാട് മുത്തങ്ങ ആനക്ക്യാമ്പിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് കൃഷ്ണയെ ഇക്കോ ടൂറിസം സെന്ററിൽ നിന്നും വാഹനത്തിൽ കയറ്റി ക്യാമ്പിലേക്ക് കൊണ്ടുപോയത്. പകൽ സമയത്ത് ആനയെ കൊണ്ടുപോയാൽ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്നതിനാലാണ് പുലർച്ചെ കൊണ്ടു പോയതെന്നും ആനപ്രേമികളും പറയുന്നു. ആനയുടെ പാപ്പാന്മാരെയും മുത്തങ്ങയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇക്കോ ടൂറിസം സെന്ററിൽ ഇനി ബാക്കിയാവുന്നത് മീന, പ്രിയദർശിനി, ഇവ എന്നീ മൂന്ന് ആനകളാണ്. മുൻപ് സുരേന്ദ്രനെ കുങ്കിയാന പരിശീലനത്തിന് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അന്നത്തെ എം.എൽ.എ അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ തടയുകയും അതിനെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. സുരേന്ദ്രൻ, സോമൻ, രഞ്ജി എന്നീ ആനകളെയാണ് ഇവിടെ നിന്ന് വനംവകുപ്പിന്റെ ക്യാമ്പുകളിലേക്ക് മുൻപ് കൊണ്ടുപോയിട്ടുള്ളത്. കൃഷ്ണയുടെ ഒന്നാം പാപ്പാൻ അജീഷും, രണ്ടാം പാപ്പാൻ അഖിലുമാണ്. ഷംസുദീൻ എന്ന പാപ്പാനാണ് കൃഷ്ണയെ ചട്ടങ്ങൾ പഠിപ്പിച്ചത്. കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പുകഴേന്തിയാണ് കുട്ടികൊമ്പന് കൃഷ്ണയെന്നു പേരിട്ടത്. ആനത്താവളത്തിലെ നീലകണ്ഠൻ, കൊച്ചയ്യപ്പൻ, മണിയൻ, ജൂനിയർ സുരേന്ദ്രൻ, ഇന്ദ്രജിത്ത്, കൽപ്പന, ലക്ഷ്മി എന്നീ ആനകൾ മുൻപ് ചരിഞ്ഞിരുന്നു.
കോന്നിയുടെ മനം കവർന്ന് കൃഷ്ണ
ഒന്നരവർഷം മുൻപ് വരെ ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന സന്ദർശകർക്ക് പ്രിയപ്പെട്ടവനായിരുന്നു കൃഷ്ണ. ആനത്താവളത്തിലെ തലയെടുപ്പുള്ള കൊമ്പൻമാരായ കൊച്ചയ്യപ്പൻ, ബാലകൃഷ്ണൻ, രഞ്ജി, സുരേന്ദ്രൻ എന്നിവരുടെ പിൻഗാമിയായി കൃഷ്ണ മാറുമെന്ന് ആനപ്രേമികൾ പറയുമായിരുന്നു. തിരുവനന്തപുരത്തെ വനത്തിൽ പിറന്ന് അവിടെ നിന്ന് കോന്നിയിൽ എത്തി ചിട്ടവട്ടങ്ങൾ പഠിച്ചതാണ് കൃഷ്ണ. ചെറുപ്രായത്തിൽ തന്നെ വളഞ്ഞ് മേലോട്ടെടുത്ത കൊമ്പുകളും കരിവീട്ടിയുടെ നിറവും, തിളക്കമുള്ള കണ്ണുകളും കൃഷ്ണയുടെ പ്രത്യേകതകൾ ആയിരുന്നു. 2014 ഒക്ടോബർ 27നാണ് കൃഷ്ണയെയും പിടിയാനയെയും കോന്നിയിലെത്തിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് ഇവയെ പിടികൂടിയത്.
.........................................................................
14 വയസുള്ള കൊമ്പന് ഒന്നര വർഷമായി മദപ്പാട് ഉണ്ടായിട്ടുണ്ട്. മൂന്നുപ്രാവശ്യം ആനയെ തറിയിൽ നിന്ന് അഴിച്ചെങ്കിലും ഓടി മാറുകയായിരുന്നു. ആനയ്ക്ക് കൂടുതൽ പരിശീലനവും ഫോറസ്റ്റ് വെറ്ററിനറി സർജന്മാരുടെ നിരീക്ഷണവും നൽകുന്നതിനുവേണ്ടിയാണ് മുത്തങ്ങയിലേക്ക് കൊണ്ടുപോയത്.
(വനംവകുപ്പ് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |