
പത്തനംതിട്ട: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനയെ തുടർന്ന് ടാറിനും വിലയേറി. ഇതോടെ റോഡ് നിർമ്മാണത്തിന് ചെലവ് കൂടുമെന്ന് കരാറുകാർ പറയുന്നു. വില കൂടുന്നതിന് മുൻപ് ഏറ്റെടുത്ത കരാർ പ്രകാരം നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി ഉയർന്നു. എണ്ണവില കൂടുന്നതിനൊപ്പം ടാറിന് നിലവിലുള്ളതിന്റെ ഇരട്ടിയോളം വിലയേറും. അറ്റകുറ്റപ്പണികൾ നടക്കുന്ന ജില്ലയിലെ ശബരിമല പാതകളിലടക്കം നിർമ്മാണത്തിൽ ഗുണനിലവാരം കുറവാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തെ ചൊല്ലി കരാറുകാരും നാട്ടുകാരുമായി തർക്കം പതിവാണ്. ടാറിന്റെ വില താങ്ങാവുന്നതിനും അപ്പുറമാണെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് നിർമാണത്തിന്റെ ആകെ ചെലവിന്റെ നാൽപ്പത് ശതമാനം ടാറിന്റേതാണ്. ഗുണനിലവാരം ഉറപ്പാക്കാൻ ഗ്രാമീണ റോഡുകളുടെ ഉൾപ്പെടെ നിർമ്മാണം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തിതോടെ പഴയ രീതിയേക്കാൾ നാലിരട്ടി ടാർ അധികം വേണ്ടിവരും. ശബരിമല തീർത്ഥാടന ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ റോഡുകളുടെ പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടുണ്ട്.
കരാർ തുകയിൽ മാറ്റമില്ല, പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുമില്ല
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് ടാറിന്റ വിലയിൽ ഇരട്ടിയായി വർദ്ധിച്ചത്. ബാരലിന് 9000 രൂപയായിരുന്നത് 18000 ആയി. വിലക്കയറ്റത്തിന് അനുസരിച്ച് കരാർ തുകയിൽ മാറ്റം വരുത്താത്തത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കരാറുകാർ പറയുന്നു. ഇത് അനുസരിച്ച് വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതാണ്. എന്നാൽ, നടപ്പാക്കിയില്ല.
ടാറിന്റെ വിലയേറിയതോടെ പണികളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രവൃത്തികൾ പരിശോധിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എല്ലായിടത്തുമില്ല.
............................................
വിലയുടെ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വില വ്യതിയാന വ്യവസ്ഥ നടപ്പാക്കണം. ദേശീയ പാതകളുടെ നിർമ്മാണത്തിൽ കേന്ദ്രസർക്കാർ ഇതു നടപ്പാക്കിയിട്ടുണ്ട്.
അനിൽ ഉഴത്തിൽ
ജില്ലാ പ്രസിഡന്റ്,
(കേരള ഗവ.കോൺട്രാക്ടേഴ്സ്
അസോസിയേഷൻ)
......................................................
ടാർ വില ബാരലിന് ബാരലിന് 18000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |