തിരുവനന്തപുരം: അട്ടക്കുളങ്ങര സ്‌കൂളിൽ 2020,2025 വർഷങ്ങളിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കും. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരണം നടത്തിയിട്ടും സ്‌കൂൾ കെട്ടിടം തകർന്നുവീണ സാഹചര്യത്തിലാണ് പരിശോധന.
2020ൽ 1.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂൾ കെട്ടിടങ്ങൾ നവീകരിച്ചത്. 2025ൽ എസ്.എസ്.കെയുടെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും നവീകരിച്ചു.
കേടായതും പൊട്ടിയതുമായ ഓടുകൾ മാറ്റിയെങ്കിലും മേൽക്കൂര മാറ്റിയിരുന്നില്ല. ഇത് പെയിന്റടിച്ച് മോടി പിടിപ്പിക്കുക മാത്രമാണ് ചെയ്തത്.മഴ ശക്തമായതോടെ ഓടുകളിൽ വെള്ളം പിടിച്ച് ഭാരം കൂടി.ഇതോടെ കാലപ്പഴക്കത്താൽ ദ്രവിച്ചിരുന്ന മേൽക്കൂര നിലംപതിക്കുകയായിരുന്നു.
2020ൽ സമഗ്രമായ അറ്റകുറ്റപ്പണി നടത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിലുള്ളത്.പൈതൃക കെട്ടിടമായതിനാൽ വലിയ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുമില്ല. ഇതിനു പുറമെയാണ് 2025ൽ വീണ്ടും നവീകരണത്തിനായി ലക്ഷങ്ങൾ മുടക്കിയത്.
നവീകരണത്തിന് ഇത്രയും തുക ചെലവായതെങ്ങനെ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുക. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെയാണ് നവീകരണം നടത്തിയതെന്ന സംശയമാണ് ഉയരുന്നത്.കോമ്പൗണ്ടിലുള്ള മറ്റ് കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഈ കെട്ടിടങ്ങളുടെ അടുത്തേക്ക് കുട്ടികൾ ചെല്ലുന്നത് അപകടത്തിനിടയാക്കുമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ,വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ ക്ലാസ് മുറികളോ ഓഫീസുകളോ പ്രവർത്തിക്കുന്നില്ല. മഴയും കാറ്റും ശക്തമായാൽ ഈ കെട്ടിടങ്ങൾ പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയാണുള്ളത്. പൈതൃക നഗര പ്രദേശമായതിനാൽ ഇതു പൊളിച്ചു മാറ്റുന്നതിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |