കിളിമാനൂർ: വിലക്കയറ്റത്തിൽ താളംതെറ്റി അടുക്കള ബഡ്ജറ്റ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യക്ഷാമം രൂക്ഷമായപ്പോൾ പച്ചക്കറികളെ അഭയം പ്രാപിച്ചവർ നട്ടംതിരിയുകയാണ്. ഇന്ധന, പാചകവാതക വില വർദ്ധനയിൽ അടുക്കളകൾ വിറങ്ങലിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് വീട്ടമ്മമാർ. വില കുതിച്ചുയരുമ്പോഴും വീട്ടിലെ വരുമാനത്തിൽ യാതൊരു വർദ്ധനവുമില്ല എന്നതാണ് കുഴയ്ക്കുന്നത്. പച്ചക്കറിക്കു മാത്രമല്ല, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയ്ക്കും റോക്കറ്റ് വേഗമാണ്. പച്ചക്കറികളിലേക്ക് തിരിഞ്ഞവർക്ക് ഇതിനായി നല്ലൊരു തുക മാറ്റിവയ്ക്കേണ്ട അവസ്ഥയാണിപ്പോൾ. വെളുത്തുള്ളി, ഇഞ്ചി, ബീൻസ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന കൃഷിമേഖലകളിൽ മഴ കുറഞ്ഞതും വിളവെടുപ്പ് പ്രതിസന്ധിയിലായതുമാണ് കേരളത്തിലേക്കുള്ള ലോഡുകൾ കുറയാൻ കാരണം.
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, മേട്ടുപ്പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറി വണ്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെളുത്തുള്ളി വിപണിയിൽ, വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകളായി തിരിച്ചാണ് വില്പന നടക്കുന്നത്. ഉയർന്ന നിലവാരമുള്ള വെളുത്തുള്ളിക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 280- 300 രൂപയാണ്. വരും ദിവസങ്ങളിൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചില്ലെങ്കിൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാദ്ധ്യത.
പച്ചക്കറി : ചില്ലറ വില (രൂപയിൽ / കിലോ)
വെളുത്തുള്ളി........... 280
ഇഞ്ചി.............. 160
പച്ചമുളക്.......... 65
തക്കാളി.............. 50
ബീൻസ് -- വഴുതനങ്ങ........... 75
വെണ്ട................. 36
വലിയ ഉള്ളി............ 25
ചെറിയ ഉള്ളി............ 55
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |