തിരുവനന്തപുരം: വെടിക്കെട്ട്,വാദ്യമേളം,ഇരുചക്ര വാഹനങ്ങളിലെ ആഘോഷ പ്രകടനം...ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് അങ്ങ് ഈസ്റ്റ് റുഥർഫഡിലെ ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് പന്തുരുണ്ടതെങ്കിലും ഇവിടെ ഇന്നലെ വൈകിട്ടോടെ തന്നെ ഫുട്‌ബോളിനെ നെഞ്ചേറ്റിവരുടെ ഹൃദയത്തുടിപ്പിന് വേഗത കൂടിയിരുന്നു.
സ്കൂളിനും കോളേജിനുമെല്ലാം അവധിയാണെന്നറിഞ്ഞതോടെ ആവേശം കൂടി. കിഴക്കേകോട്ടയിലേയും ലാ കോളേജ് ജംഗ്ഷനിലേയുമൊക്കെ വലിയ എൽ.ഇ.ഡി വാളുകൾക്കു മുന്നിൽ പാതിരാവായതോടെ ആഘോഷം കനത്തു. അർജന്റീനയുടെയും സ്‌പെയിനിന്റേയും ജെഴ്സി അണിഞ്ഞ് ആരാധന വ്യക്തമാക്കിയവരും പ്രത്യേകിച്ച് ഒരു ടീമിന്റേയും ആളാകാതെ ഫുട്ബാളിനെ സ്നേഹിക്കുന്നവരുമെല്ലാം ത്രില്ലിലായിരുന്നു.
സ്‌കീനിൽ മെസിയുടെ ക്ലോസപ്പ് രൂപം തെളിഞ്ഞപ്പോഴെല്ലാം ആക്ഷൻ ത്രില്ലർ സിനിമയിൽ മാസ് ഹീറോയെ കാണിക്കുമ്പോഴത്തെ ആരവമായിരുന്നു മുഴങ്ങിയത്. എതിർപക്ഷക്കാർ യമാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരവമുയർത്തി.
സർക്കാരിന്റെ തിയേറ്ററുകളിലും മൈതാനങ്ങളിലുമെല്ലാം ഫുട്ബാൾ ലൈവ്. വഞ്ചിയൂരിലും ലാ കോളേജ് ജംഗ്ഷനിലും പേട്ടയിലും വേളിയിലും മെഡിക്കൽ കോളേജ് ജംഗ്ഷനിലും വിഴിഞ്ഞത്തുമെല്ലാം വിവിധ സംഘടനകൾ ബിഗ് സ്കീൻ പ്രദർശനം ഒരുക്കി. ആവേശം അതിരുവിടുമ്പോൾ നിയന്ത്രിക്കാനായി നഗരത്തിൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |