SignIn
Kerala Kaumudi Online
Thursday, 24 September 2026 4.11 AM IST

ഈ മൃഗശാല കോഹിന്നൂർ പൊലെ, നഷ്ടപ്പെടുത്തരുത്

jacon-alex

മൃഗശാല നഗരമദ്ധ്യത്തിൽ നിന്നും മാറ്റാനുള്ള നീക്കം സംബന്ധിച്ച വാർത്തകൾ കേൾക്കുമ്പോൾ തലസ്ഥാന നഗരവാസികളും ഈ നഗരത്തെ സ്‌നേഹിക്കുന്നവരും വലിയ വിഷമത്തിലും പ്രതിഷേധത്തിലുമാണ്. കാരണം ഈ നഗരമാകെ അതിനെ അത്രമേൽ ഇഷ്ടപ്പെടുന്നുവെന്നതു തന്നെ. തിരുവനന്തപുരത്ത് താമസിക്കുന്നയാളാണ് നിങ്ങളെങ്കിൽ, ഒരു ബന്ധുവോ സുഹൃത്തോ മറ്റൊരു നാട്ടിൽനിന്ന് നിങ്ങെള കാണാനെത്തുകയാണെങ്കിൽ ആദ്യം അവർ പ്രകടിപ്പിക്കുക 'സൂവിൽ' പോകണമെന്ന ആഗ്രഹമായിരിക്കും. നഗരത്തിലെ മറ്റ് സ്ഥലങ്ങളുടെയും കേന്ദ്രങ്ങളുടെയുമൊക്കെ പേര് പീന്നിടാവും പറയുക. ചരിത്രപ്രധാന്യമുള്ള ഈ നഗരത്തിന്റേയും ഇവിടെ വസിക്കുന്നവരുടേയും മനസിൽ ഇവിടത്തെ മൃഗശാല ഒരിക്കലും പറിച്ചുമാറ്റപ്പെടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു സ്വത്താണ്. ഇന്ത്യ ചരിത്രത്തിലെ കോഹിന്നൂർ രത്‌നം പോലെ. കോഹിന്നൂർ നാം എത്ര അമൂല്യമായി കണ്ടോ അതോപോലെ പരിഗണിക്കേണ്ട ഒന്ന്.

വനമേഖലയിലേക്ക് മൃഗശാല

മാറ്റൽ ശാസ്ത്രീയമല്ല


നെയ്യാർ മേഖലയിലേക്ക് മൃഗശാല മാറ്റാണമെന്നാണ് ഉയരുന്ന ഒരു നിർദ്ദേശം. വനമേഖലയോട് ചേർന്ന് മൃഗശാല ശാസ്ത്രീയമല്ല. വനത്തിലും അവയോട് ചേർന്ന പ്രദേശത്തും ഒരു ആവാസവ്യവസ്ഥയുണ്ട്. അതും മൃഗശാലയിലേതും വ്യത്യസ്തമാണ്. മൃഗശാലയിലെ മൃഗങ്ങൾക്ക് പലതരം അസുഖങ്ങളുണ്ടാകും. മൃഗശാലയിൽ ഇവയ്ക്ക് മരുന്നും മറ്റ് പരിപാലനവുമുണ്ട്. എന്നാൽ വനമേഖലയിലേക്ക് മൃഗശാല എത്തുന്നതോടെ ജന്തുജന്യരോഗങ്ങൾ കാട്ടിലേക്ക് പടരാം. കാട്ടിലെ മൃഗങ്ങൾക്ക് അവരുടേതായ അതിജീവന രീതിയാണുള്ളത്. മൃഗശാലയിലെ മൃഗങ്ങളെ കൃത്യമായ ആരോഗ്യപരിശോധനകളും ചികിത്സയുമൊക്കെയായി പരിപാലിക്കുന്നതാണ്. അത് അങ്ങനെ തന്നെ തുടരണം.
വനത്തിലേക്കും വന്യജീവി സങ്കേതത്തിലേക്കും മൃഗശാലയിലെ മൃഗങ്ങളെ മാറ്റാനാകില്ലെന്ന് എല്ലാപേർക്കുമറിയാം. അതുകൊണ്ടുതന്നെ മൃഗശാലമാറ്റവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഇത്തരം ചിന്തകളുണ്ടെങ്കിൽ അത് അപ്രായോഗികമാണ്. വന്യജീവി സങ്കേതങ്ങളിൽ കഴിയുന്നത് അവിടത്തെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന മൃഗങ്ങളാണ്. പുറത്തുനിന്നുള്ള മൃഗങ്ങളെ അതിനുള്ളിലേക്ക് കൊണ്ടുവരാനാകില്ല. മാത്രമല്ല വന്യജീവി സങ്കേതങ്ങളിൽ മൃഗങ്ങളെ മൃഗശാലയിലേതുപോലെ ജനങ്ങൾക്ക് കാണാനുമാകില്ല.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള 'ലാർജസ്റ്റ് സൂ'

മൃഗശാലകളെ 4 വിഭാഗമായാണ് തിരിച്ചിട്ടുള്ളത്. ലാർജ്,മീഡിയം,സ്മാൾ,മിനി എന്നിങ്ങനെയാണിവ. തിരുവനന്തപുരം ഇക്കൂട്ടത്തിൽ ലാർജ് വിഭാഗത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന മൃഗശാലയാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള 'ലാർജസ്റ്റ് സൂവാ'ണ് തിരുവനന്തപുരത്തേത്. തൃശുർ മൃഗശാല നഗരത്തിൽനിന്ന് മാറ്റിയില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. തൃശൂരിലെ സാഹചര്യമല്ല തിരുവനന്തപുരത്ത്. ഒരുകാരണവശാലും തൃശൂർ മൃഗശാലയേയും തിരുവനന്തപുരത്തേതിനേയും താരതമ്യം ചെയ്യാനാകില്ല. തൃശൂർ മൃഗശാല മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടച്ചുപൂട്ടണമെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് നിവൃത്തിയില്ലാതെ ഇത് മാറ്റാനുള്ള തീരുമാനത്തിൽ എത്തിയത്.

മാറ്റേണ്ട ഒരു അനിവാര്യതയുമില്ല


തിരുവനന്തപുരം മൃഗശാല മാറ്റേണ്ട ഒരു അനിവാര്യതയും നിലവിലില്ല. കാലാനുസൃതമായി കേന്ദ്ര മൃഗശാല അതോറിട്ടി നിർദ്ദേശിച്ചതടക്കമുള്ള വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട് . മാത്രമല്ല മൃഗശാലയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. തലസ്ഥാനത്തിന്റെ അടയാളങ്ങാളായി നിരവധി സ്മാകങ്ങളും ആരാധനാലയങ്ങളും നിർമ്മിതികളുമൊക്കെയെണ്ടെങ്കിലും മൃഗശാലകൂടിയില്ലാതെ അത് പൂർണ്ണമാകില്ല. തിരുവനന്തപുരത്തുകാരുടെ വികാരമാണ് മൃഗശാല. അതിന്റെ പ്രാധാന്യവും മഹിമയും അറിയുന്നവർ ഒരിക്കലും പുതിയ നീക്കത്തെ പിന്തുണക്കില്ല. തലസ്ഥാനത്തിന്റെ മനസുമായി അത്രയേറെ ഹൃദയബന്ധമുണ്ട് ഇവിടത്തെ ഈ പച്ചപ്പിന്, ഇവിടെ വസിക്കുന്ന വംശനാശഭീഷണി നേരിടുന്നവയടക്കമുള്ള ജീവജാലങ്ങൾക്ക്. അതിവിടെ നിന്നും മറ്റൊരിടത്തേക്ക് പറിച്ചുനടൽ ശാസ്ത്രീയമല്ല, മനുഷ്യനോ മൃഗങ്ങൾക്കോ ഒരിക്കലും ഗുണകരവുമല്ല. അത്തരംനീക്കങ്ങൾ അധികാരികൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.

------------------
(തിരുവനന്തപുരം മൃഗാശാല മുൻ വെറ്ററിനറി ഡോക്ടറും മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയൻറ് ഡയറക്ടറുമാണ് ലേഖകൻ. നിലവിൽ ഇന്ത്യൻ മൃഗശാലകളുടെ മാനേജ്‌മെൻറ് എഫക്ടീവ്‌നെസ് ഇവാല്യുവേഷൻ അംഗമായും പ്രവർത്തിക്കുന്നു).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL