തിരുവനന്തപുരം: ജനത്തെ ഗതാഗതക്കുരുക്കിൽ വലിച്ചുമുറുക്കി പേട്ട ജംഗ്ഷനിലെ ട്രാഫിക് സിഗ്നലുകൾ മിഴിയടച്ചിട്ട് ആറുമാസം!. നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കും എൻ.എച്ച് 47ലേക്കും പോകുന്ന പ്രധാനപാതയിലാണ് ഈ ദുരിതമെന്നോർക്കണം. പ്രധാന സമയങ്ങളിൽ വാഹനനിര കിലോമീറ്ററുകൾ നീളും. പലപ്പോഴും പൊരിവെയിലത്ത് ജനം നട്ടംതിരിയുന്ന സ്ഥിതിയാണ്.
ട്രാഫിക് ഉദ്യോഗസ്ഥർ ഗതാഗതം ക്രമീകരിക്കാനുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതം തന്നെ. വി.വി.ഐ.പികളടക്കം സ്ഥിരം ഉപയോഗിക്കുന്ന പാതയായിട്ടും അധികൃതർ ഇതുവരെ കണ്ടഭാവം നടിച്ചിട്ടില്ല. പേട്ടയിലെയും നഗരസഭാ കവാടത്തിന് മുന്നിലുള്ള സിഗ്നലുകളും അടിയന്തരമായി ശരിയാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് സിറ്റിക്ക് പത്തിലേറെ തവണ ട്രാഫിക് അധികൃതർ കത്ത് കൈമാറിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ഫണ്ടുതന്നെ പ്രശ്നം
പേട്ടയിലെ സിഗ്നലുകളുടെ പരിപാലനം നിർവഹിക്കേണ്ടത് സ്മാർട്ട് സിറ്റിയാണ്. മഴക്കാലത്ത് സോളാർ ഊർജം സംഭരിക്കാൻ സാധിക്കാത്തതാണ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമാകാൻ കാരണമെന്നാണ് അവർ വാദിക്കുന്നത്. എന്നാൽ സ്‌മാർട്ട് സിറ്റി പരിപാലന കരാർ ഏല്പിച്ചിരുന്ന കമ്പനികൾക്ക് കുടിശിക നൽകാത്തതാണ് ഇതിനുകാരണമെന്ന് കേരളകൗമുദി മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്‌തിരുന്നു. സ്മാർട്ട് സിറ്റിക്ക് 2029 വരെ നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ പരിപാലന ചുമതലയുണ്ട്. അവർ ഈ ജോലി തമിഴ്നാട് ആസ്ഥാനമായ മറ്റൊരു കമ്പനിയെ ഏൽപ്പിച്ചു. എന്നാൽ ഈ കമ്പനി പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ടെക്നോപാർക്ക് ആസ്ഥാനമായുള്ള കമ്പനിയെ ഏല്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ കമ്പനിക്ക് നൽകാനുള്ള ഫണ്ട് സ്മാർട്ട് സിറ്റിയുടെ പക്കൽ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം.
''സ്മാർട്ട് സിറ്റി ഏറ്റെടുത്ത 90% ജോലികളിലും പരാതിയുണ്ട്. ട്രാഫിക് സിഗ്നലുകളുടെ പ്രശ്നം നഗരസഭാ സെക്രട്ടറി മുഖേന ചീഫ്
സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പിരിച്ചുവിടുന്നതിനെക്കുറിച്ചും ഭരണസമിതി ആലോചിക്കുന്നുണ്ട്.
മേയർ വി.വി. രാജേഷ്
'' സ്മാർട്ട് സിറ്റി അധികൃതർക്ക് കത്ത് നൽകി മടുത്തു. നിലവിൽ നാല് പൊലീസുകാരെ പേട്ട ഭാഗത്ത് നിയോഗിച്ചിട്ടുണ്ട്. സിഗ്നൽ ശരിയായാൽ ഇവരെ മറ്റ് ഡ്യൂട്ടികൾക്കായി നിയോഗിക്കാം.
കെ.ബി.മനോജ് കുമാർ,സൗത്ത് സോൺ
ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |