മാനന്തവാടി: കേരള സംസ്ഥാനത്തെ മിസലേനിയസ് സഹരണ സംഘങ്ങളിൽ മികച്ച സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനം മാനന്തവാടി അർബൻ സഹകരണ സംഘത്തിന് ലഭിച്ചു. 1997 ലാണ് സംഘം ആരംഭിച്ചത്. പിന്നീട് പടിപടിയായി ഓരോ വർഷവും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. 13583 അംഗങ്ങളുള്ള സംഘത്തിന് പ്രധാന ശാഖ കൂടാതെ മാനന്തവാടി സായാഹ്നശാഖ, പനമരം എന്നീ ബ്രാഞ്ചുകളുമുണ്ട്. 15 വർഷത്തോളമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ സഹകരണ സംഘം എല്ലാ വർഷവും അംഗങ്ങൾക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ ലാഭവിഹിതം നൽകി വരുന്നു. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി സ്വന്തം ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുകയാണ്. ബാങ്ക് ഡിപ്പോസിറ്റ്, വായ്പ, ലാഭം എന്നിവ വർദ്ധിച്ച് കൊണ്ടിക്കുകയാണ്. കഴിഞ്ഞ ഒരു വർഷം മാത്രം 1.25 കോടി രൂപ ഡിപ്പോസിറ്റ് വർദ്ധിച്ചു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നൽകപ്പെടുന്ന ഈ അവാർഡിന് സഹകരണ വകുപ്പ് കഴിഞ്ഞ ജൂണിൽ അപേക്ഷ ക്ഷണിക്കുകയും ജൂലൈ മാസത്തിൽ അവാർഡുകൾ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. സംഘത്തിന് ജില്ലാതലത്തിൽ പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ആദ്യമായിട്ടാണ് പുരസ്‌ക്കാരം. തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ് വിതരണ ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിൽ നിന്നും സംഘം പ്രസിഡന്റ് കെ.എം വർക്കി, സെക്രട്ടറി കെ.ജെ വിനോജ്, ബ്രാഞ്ച് മാനേജർ കെ. രതീഷ് എന്നിവർ ചേർന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രശസ്തി പത്രവും, മൊമൊന്റൊയും അൻപതിനായിരം രൂപയുമാണ് പുരസ്‌ക്കാരം. സംഘത്തിലെ അംഗങ്ങൾ, കാലാകാലങ്ങളിലുള്ള ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ അർപ്പണമനോഭാവവും ചിട്ടയായ പ്രവർത്തനവും മൂലമാണ് പുരസ്‌ക്കാരം ലഭിച്ചതെന്ന് സംഘം പ്രസിഡന്റ് കെ എം വർക്കി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |