SignIn
Kerala Kaumudi Online
Tuesday, 02 June 2026 5.56 PM IST

'3.2 കോടി കൊതുകുകളെ തുറന്നുവിടും': രോഗങ്ങളെ പ്രതിരോധിക്കാൻ വേറിട്ട മാര്‍ഗവുമായി ഗൂഗിൾ

google

വാഷിംഗ്‌ടൺ: ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി വേറിട്ട പരീക്ഷണവുമായി ടെക് ഭീമനായ ഗൂഗിള്‍. മാരകരോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി അമേരിക്കയിലെ കാലിഫോര്‍ണിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനാണ് ഗൂഗിളിന്റെ പദ്ധതി. പ്രത്യേകം സജ്ജീകരിച്ച ലാബുകളില്‍ വളര്‍ത്തിയെടുത്ത വോൾബാച്ചിയ ബാക്ടീരിയ ബാധിച്ച കൊതുകുകളെയാണ് ഇത്തരത്തില്‍ തുറന്നുവിടുന്നത്.

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട ആണ്‍ കൊതുകുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ആണ്‍ കൊതുകുകള്‍ പ്രകൃതിയിലുള്ള പെണ്‍ കൊതുകുകളുമായി ഇണചേരുമ്പോള്‍ അവ ഇടുന്ന മുട്ടകള്‍ വിരിയാതെ വരികയും ഇതുവഴി അടുത്ത തലമുറയിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും എന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ആണ്‍ കൊതുകുകള്‍ മനുഷ്യരെ കടിക്കുകയോ രോഗം പടര്‍ത്തുകയോ ചെയ്യാത്തതിനാല്‍ മനുഷ്യര്‍ക്ക് യാതൊരുവിധ ആരോഗ്യ ഭീഷണിയില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ലൈഫ് സയന്‍സ് വിഭാഗമായ 'വെറിലി' ആണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് കാലിഫോര്‍ണിയയിലെ ചില പ്രത്യേക മേഖലകളില്‍ കമ്പനി നടത്തിയ പ്രാരംഭ പരീക്ഷണങ്ങളില്‍ കൊതുകുകളുടെ എണ്ണം 80 ശതമാനത്തിലധികം കുറയ്ക്കാന്‍ സാധിച്ചിരുന്നതായാണ് റിപ്പോർട്ട്. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പദ്ധതി ഇപ്പോള്‍ വന്‍തോതില്‍ നടപ്പിലാക്കാന്‍ ഗൂഗിൾ ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, GOOGLE, MOSQUITO, US GOVERNMENT, DENGUE, CHIKUNGUNYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360