
മേയിൽ 5.1 ശതമാനം ഉത്‌പാദന വളർച്ച
കൊച്ചി: ആഗോള രാഷ്ട്രീയ, ഇന്ധന അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യൻ വ്യവസായ മേഖല കരുത്തോടെ മുന്നേറുന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് മേയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐ.ഐ.പി) 5.1 ശതമാനം വളർച്ച കൈവരിച്ചു. ഏപ്രിലിൽ ഉത്പാദന സൂചിക 4.9 ശതമാനമായിരുന്നു. വൈദ്യുതി, മാനുഫാക്‌ചറിംഗ് മേഖലകളുടെ മികച്ച പ്രകടനമാണ് കരുത്തായത്.
വ്യാവസായിക സൂചികയിൽ ഏറ്റവുമധികം പങ്കാളിത്തമുള്ള മാനുഫാക്‌ചറിംഗ് മേഖല 5.5 ശതമാനം വളർച്ച നേടി. പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായി തുടരുമ്പോഴും ആഭ്യന്തര ഉപഭോഗത്തിൽ മികച്ച വർദ്ധനയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ, വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ഗണ്യമായി വളർച്ചയുണ്ടായി. ഇലക്ട്രിക്കൽ ഉപകരണങ്ങൾ 20.8 ശതമാനവും ഫാബ്രിക്കേറ്റഡ് മെറ്റൽ 15.5 ശതമാനവും വളർച്ച നേടി.
അവലോകന കാലയളവിൽ വൈദ്യുതി, പ്രകൃതി വാതക വിതരണം എന്നീ മേഖലകൾ ഏറ്റവും ഉയർന്ന വളർച്ച നിരക്കായ 9.9 ശതമാനം കൈവരിച്ചു. വൈദ്യുതി ഉത്പാദനത്തിൽ 11.1 ശതമാനം വർദ്ധനയുണ്ട്.
പ്രധാന മേഖലകളിലെ വളർച്ച
കാപ്പിറ്റൽ ഗുഡ്‌സ് : 12.9 ശതമാനം
കൺസ്യൂമർ ഡ്യൂറബിൾസ്: 7.2 ശതമാനം
അടിസ്ഥാന സൗകര്യം, നിർമ്മാണം: 5.9 ശതമാനം
സേവന ഉത്പാദന സൂചിക വരുന്നു
സേവന മേഖലയിലെ ഉത്പാദന വളർച്ച വ്യക്തമാക്കുന്ന പുതിയ സൂചിക ജൂലായ് മുതൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. രാജ്യത്തിന്റെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ 50 ശതമാനത്തിലധികം സംഭാവന നൽകുന്ന സേവന മേഖലയിലെ വളർച്ച വ്യക്തമായി മനസിലാകുന്നതിന് ഈ കണക്ക് സഹായകമാകും. ജൂലായ് 14ന് സേവന സൂചിക പുറത്തുവിടും.
അസംഘടിത മേഖലയിലെ തൊഴിലുകളും അറിയാം
രാജ്യത്തെ അസംഘടിത മേഖലയിലുള്ള സംരംഭങ്ങളിലെ ഉത്പാദന, തൊഴിൽ പ്രകടനങ്ങൾ വിലയിരുത്തന്ന പുതിയ സൂചിക തയ്യാറാക്കാൻ കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയം തയ്യാറെടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അനൗപചാരിക തൊഴിൽ ദാതാക്കളായ ഈ മേഖലയുടെ പ്രകടനത്തിന്റെ വിലയിരുത്തലിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ആരോഗ്യം വ്യക്തതയോടെ മനസിലാക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |