
കൊച്ചി: കേരള കൊങ്കൺ തീരത്ത് ആഴക്കടൽ ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ സമുദ്ര മന്ഥൻ പദ്ധതി പുതിയ പ്രതീക്ഷയാകുന്നു. രാജ്യത്ത് പെട്രോളിയം, പ്രകൃതി വാതക പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാനും ആഗോള നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് 84,084 കോടി രൂപയുടെ സമുദ്ര മന്ഥൻ സ്കീമിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. ഉയർന്ന റിസ്കുള്ള ഡീപ്വാട്ടർ, അൾട്രാ ഡീപ്വാട്ടർ പര്യവേക്ഷണമാണ് ലക്ഷ്യം.താങ്ങാനാകാത്ത മൂലധന ചെലവുകളും ഭൗമഅനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് ഈ രംഗത്ത് നിന്ന് സ്വകാര്യ കമ്പനികൾ വിട്ടുനിൽക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് പര്യവേക്ഷണം നടന്ന ഓഫ്ഷോർ ബേസിനുകളിലൊന്ന് കേരള കൊങ്കൺ ബേസിനാണ്. ഡീപ്പ്വാട്ടർ കിണർ കുഴിക്കുന്നതിന്റെ ചെലവിൽ 50 ശതമാനം വരെ ധനസഹായവും ത്രി ഡി സീസ്‌മിക് സർവേയ്ക്ക് ഭാഗികമായ സാമ്പത്തിക പിന്തുണയും പദ്ധതിയിൽ ലഭ്യമാക്കും.
ഡീപ്പ് വാട്ടർ ഡ്രില്ലിംഗിലൂടെ ഒരു കിണർ മാത്രം കുഴിക്കുന്നതിന് 1,000 മുതൽ 1,200 കോടി രൂപ വരെ ചെലവുണ്ട്. അൾട്രാഡീപ്പ് ഡ്രില്ലിംഗിന് ചെലവ് 1,500 കോടി രൂപയിലധികമാകും.
കേരളത്തിലെ സാഹചര്യം
കേരള കൊങ്കൺ ബേസിനിൽ ഹൈഡ്രോകാർബൺ സാദ്ധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ട്. എന്നാൽ ഡെക്കാൻ ബസാൾട്ട് പാളി ഭൂകമ്പ സർവേ ബുദ്ധിമുട്ടാക്കുന്നതിനാൽ ആഴത്തിലുള്ള ശേഖരങ്ങൾ വ്യക്തമായി മനസിലാക്കാനാകുന്നില്ല.
ഇറക്കുമതി ആശ്രയത്വം കുറയും
നിലവിൽ ഫോസിൽ ഇന്ധനത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ്. പുതിയ പെട്രോളിയം കണ്ടെത്തൽ ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാനും വിദേശ നാണയം സംരക്ഷിക്കാനും സഹായിക്കും,
ധന സഹായം മാത്രം പോര
കേരള തീരത്ത് ഹൈഡ്രോകാർബൺ പര്യവേക്ഷണം വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായം മാത്രം മതിയാവില്ല. ഓഷ്യൻ ബോട്ടം നോഡ് സീസ്‌മിക് ഇമേജിംഗ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടി വരും. ഗൾഫ് ഒഫ് മെക്‌സികോ, നോർത്ത് സീ എന്നിവിടങ്ങളിൽ ആഴക്കടൽ പര്യവേക്ഷണം നടത്തി പരിചയമുള്ള ആഗോള കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |