
മുത്തൂറ്റ് ഫിനാൻസ് നേതൃത്വത്തിൽ തലമുറ മാറ്റം
അലക്സാണ്ടർ ജോർജ് പുതിയ മാനേജിംഗ് ഡയറക്ടർ
ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ
കെ. ആർ. ബിജിമോൻ സി.ഇ.ഒ
കൊച്ചി: കുടുംബ നേതൃത്വത്തിനൊപ്പം പ്രൊഫഷണൽ മാനേജ്‌മെന്റിനും പ്രാധാന്യം നൽകി രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നേതൃമാറ്റം പ്രഖ്യാപിച്ചു. കമ്പനിയുടെ
പുതിയ മാനേജിംഗ് ഡയറക്ടറായി അലക്‌സാണ്ടർ ജോർജിനെ നിയമിക്കാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഒക്ടോബർ ഒന്നിന് നിയമനം പ്രാബല്യത്തിലാകും. നേതൃമാറ്റത്തിന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരം തേടും. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിക്കുന്ന മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് എക്‌സിക്യുട്ടീവ് വൈസ് ചെയർമാനാകും.
മുത്തൂറ്റ് ഫിനാൻസ് മുൻ ചെയർമാൻ പരേതനായ എം. ജി. ജോർജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്‌സാണ്ടർ ജോർജ്. നിലവിൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ അലക്‌സാണ്ടർ യു.എസ്.എയിലെ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും തണ്ടർബേർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. കമ്പനിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
നിലവിലെ എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ കെ. ആർ. ബിജിമോനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയർത്താനും തീരുമാനിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം മൂന്ന് പതിറ്റാണ്ടായി കമ്പനിയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രൊഫഷണലാണ്.
പുതുതലമുറ നേതൃത്വം
ഡയറക്ടർമാരായ ജോർജ് എം. ജോർജ്, ജോർജ് എം. ജേക്കബ്, ജോർജ് അലക്‌സാണ്ടർ, ഈപ്പൻ അലക്‌സാണ്ടർ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ നേതൃത്വം ഇനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കരുത്താകും.
മൂന്ന് പതിറ്റാണ്ടായി സ്വർണ പണയ വായ്പകളെ സംഘടിതവും ജനപ്രിയവുമാക്കിയതിന് പിന്നാലെ അടുത്ത തലമുറയ്ക്ക് നേതൃത്വം കൈമാറുകയാണ്
ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്
എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ (ഡെസിഗ്‌നേറ്റ്)
ഉപഭോക്തൃ സംതൃപ്തിക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക സേവനങ്ങൾക്കും മുൻഗണന നൽകും
അലക്സാണ്ടർ ജോർജ്
മാനേജിംഗ് ഡയറക്ടർ (ഡെസിഗ്‌നേറ്റ്)
മുത്തൂറ്റ് ഫിനാൻസിനെ അലക്‌സാണ്ടർ ജോർജ് കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പൂർണ ഉറപ്പുണ്ട്
ജോർജ് ജേക്കബ് മുത്തൂറ്റ്
ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |