ടൂണിസ്: ലാൻഡിംഗിനിടെ ശക്തമായ കൊടുങ്കാറ്റിൽപ്പെട്ട് വിമാനം ആടിയുലഞ്ഞതോടെ ഭീതിയിലായി യാത്രക്കാർ. ഇസ്‌താംബൂളിൽനിന്ന് ടൂണീഷ്യയിലേക്ക് പോയ വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രതിസന്ധിയിലായത്. സെപ്‌തംബർ 10ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാളായ മൈസ്‌കായ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ടുണിസ്-കാർത്തേജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം ശക്തമായ കൊടുങ്കാറ്റിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയ്‌ക്കിടെ പൈലറ്റ് മൂന്നുതവണ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ വിമാനം ശക്തമായി കുലുങ്ങാൻ തുടങ്ങിയതോടെ യാത്രക്കാർ ഉറക്കെ നിലവിളിക്കുകയും സീറ്റുകളിൽ മുറുകെ പിടിക്കുകയും ചെയ്‌തു.
പുറത്തുവന്ന ദൃശ്യങ്ങളിൽ വിമാനത്തിനുള്ളിലെ ശക്തമായ കുലുക്കവും യാത്രക്കാരുടെ പരിഭ്രാന്തിയും വ്യക്തമായി കാണാം. ഒടുവിൽ ടൂണിസിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള എൻഫിദ-ഹമ്മാമെറ്റ് അന്താരാഷ്‌ട്ര എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തപ്പോൾ യാത്രക്കാർ കൈയടിക്കുന്നതും നെടുവീർപ്പിടുന്നതും ദൃശ്യങ്ങളിലുണ്ട്.
'കൊടുങ്കാറ്റിനിടയിലൂടെ പറന്നുകൊണ്ട് ടൂണിസിലെ വിമാനത്താവളത്തിൽ മൂന്നുതവണ പൈലറ്റ് വിമാനമിറക്കാൻ ശ്രമിച്ചു. ഓരോ തവണയും വിമാനം ശക്തമായി കുലുങ്ങി. മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം താഴേക്ക് കുത്തനെ പതിക്കാൻ തുടങ്ങിയത്'- മൈസ്‌കായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
വിമാനയാത്രയുടെ ഭൂരിഭാഗവും സുരക്ഷിതവും ശാന്തവുമായിരുന്നെന്നും ലാൻഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ മാറാൻ തുടങ്ങിയതെന്നും മൈസ്‌കായ പറയുന്നു.'വിമാനയാത്രയിലുടനീളം എല്ലാം ശാന്തമായിരുന്നു. എന്നാൽ, വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതായി. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും ഭയപ്പെട്ടിട്ടില്ല. അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു'- അവർ കൂട്ടിച്ചേർത്തു.
A flight from Istanbul to Tunisia faced severe turbulence during landing. After three failed attempts, it was diverted and landed safely at Enfidha-Hammamet Airport.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |