SignIn
Kerala Kaumudi Online
Monday, 14 September 2026 12.54 PM IST

'വൈഭവ് ഭാവിയിലെ താരമായേക്കാം,​ പക്ഷേ ഇപ്പോൾ ഇന്ത്യൻ ടീമിലെ ഈ സ്ഥാനത്തിന് വേറെ ആർക്കും അർഹതയില്ല'

vaibhav-sooryavanshi-
വൈഭവ് സൂര്യവംശി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ കുറച്ചുനാളായി ഉയരുന്ന പ്രധാന ചർച്ചാ വിഷയം ഓപ്പണിംഗ് ബാറ്റ്സ്മാൻമാരെ ചുറ്റിപ്പറ്റിയാണ്. അഭിഷേക് ശർമ,​ സഞ്ജു സാംസൺ,​ വൈഭവ് സൂര്യവംശി ഇവർ മൂന്നുപേരിൽ നിന്നും രണ്ടുപേരിലേക്ക് എത്താൻ ഇന്ത്യയുടെ സെലക്ടർമാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഇന്നലെ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിന് മുന്നോടിയായും ഓപ്പണർമാർ ആരൊക്കെയായിരിക്കുമെന്ന സസ്പെൻസ് അവസാനം വരെയും തുടർന്നു.

ഇന്ത്യയുടെ കൗമാര താരം വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെയും അഭിഷേകിനെയും ഓപ്പണിംഗ് കൂട്ടുക്കെട്ടിലേക്ക് തിരഞ്ഞെടുത്തപ്പോൾ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. എന്തുകൊണ്ട് മോശം ഫോമിൽ തുടരുന്ന അഭിഷേകിനെ ഒഴിവാക്കിയില്ല എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ വിമർശനങ്ങൾക്ക് അഭിഷേക് മറുപടി നൽകിയത് ബാറ്റുകൊണ്ടാണ്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ 32 പന്തുകളിൽ നിന്നാണ് അഭിഷേക് 82 റൺസ് അടിച്ചുകൂട്ടിയത്. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഇടംകയ്യനായ അഭിഷേക് അതിവേഗത്തിലാണ് റൺസ് വാരിക്കൂട്ടിയത്. ഏഴ് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

ടൂർണമെന്റിന് മുന്നോടിയായി അഭിഷേകിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ തുടങ്ങിയ ടീമുകൾക്കെതിരായ എല്ലാ മത്സരങ്ങളിലും താരം കളിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അഭിഷേകിനൊപ്പം സഞ്ജു സാംസണും മോശം ഫോമിലായതോടെ ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. നിർഭയമായ ബാറ്റിംഗിലൂടെ മികച്ച ബൗളർമാരെപ്പോലും നേരിടാനുള്ള ആത്മവിശ്വാസമുള്ള വൈഭവ് ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.

മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവിനെ ബെഞ്ചിലിരുത്തി അഭിഷേകിന് അവസരം നൽകിയത് തെറ്റായ തീരുമാനം ആയിരുന്നില്ലെന്ന് താരം തന്നെ തെളിയിക്കുകയായിരുന്നു. ഇന്ത്യയുടെ സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോഴാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ലഭിച്ച അവസരം നല്ല രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. പത്ത് റൺസ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. എന്നാൽ വൈഭവിന് പകരം അഭിഷേകിനെ പരിഗണിച്ചതിലെ വിവാദങ്ങളെ അപ്പാടെ അപ്രസക്തമാക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം. വൈഭവ് ഭാവിയിലെ താരമായേക്കാം,​ പക്ഷേ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തിന് താൻ തന്നെയാണ് അർഹനെന്ന് അഭിഷേക് ശർമ തകർപ്പൻ ഇന്നിംഗ്സിലൂടെ തെളിയിച്ചതായാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

English Summary

India’s opening combination remains a major talking point, with Abhishek Sharma, Sanju Samson and Vaibhav Sooryavanshi competing for two spots. Despite criticism over Abhishek’s recent form and Vaibhav’s exclusion, Abhishek silenced doubts with a blistering 82 off 32 balls against Afghanistan. Sanju managed only 10 runs, while Abhishek’s explosive innings justified his selection over the teenage sensation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, ABHISHEK SHARMA, SANJU SAMSON, INDIA T20I, INDIA OPENING BATSMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360