SignIn
Kerala Kaumudi Online
Monday, 14 September 2026 11.19 AM IST

യുകെ പിളർപ്പിലേയ്ക്ക്? ചരിത്രപരമായ നീക്കവുമായി സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് നേതാക്കൾ

andy-burnham
ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം

ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിന്റെ (യുകെ) നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് നിർണായക നീക്കവുമായി സ്കോട്ടിഷ്, വെയിൽസ്, വടക്കൻ അയർലൻഡ് പ്രവിശ്യകളിലെ നേതാക്കൾ. യുകെയുടെ ഭാഗമായി തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജനഹിതപരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിൽ കാർഡിഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന സ്കോട്ടിഷ്, വെയിൽസ്, വടക്കൻ അയർലൻഡ് പ്രവിശ്യകളിലെ ഭരണത്തലവന്മാർ ഒപ്പുവച്ചേക്കുമെന്നാണ് റിപ്പോർട്ട്.

വെയിൽസ് തലസ്ഥാനമായ കാർഡിഫിൽ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വീനി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ‌ റൂൺ ആപ് അയവർത്ത്, വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ എന്നിവർ പങ്കെടുക്കും. ഈ യോഗത്തിൽവച്ച് ചരിത്രപരമായ കരാറിൽ ഇവർ ഒപ്പുവയ്ക്കുന്നതോടെ യുകെയിൽ നിന്ന് വേർപ്പെട്ട് ഈ മൂന്നുപ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളായി മാറും. വടക്കൻ അയർലൻഡ് യുകെയിൽ നിന്ന് വേ‌ർപിരിഞ്ഞ് അയർലൻഡ് റിപ്പബ്ലിക്കുമായി ഒന്നിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം.

അയർലൻഡിന്റെ ഏകീകരണം വളരെ സ്വാഭാവികമായ കാര്യമാണെന്നും അത് നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന് ലഭിച്ച വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

തങ്ങളുടെ ജനങ്ങളുടെ താൽപ്പര്യങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് സംരക്ഷിക്കുന്നില്ലെന്നും ജനങ്ങൾക്ക് അവരുടെ ഭാവി സ്വയം നിർണയിക്കാനുള്ള അവകാശമുണ്ടെന്നും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വീനി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിൽ നിന്നും പിരിഞ്ഞുപോകാനുള്ള വോട്ടെടുപ്പുകൾക്ക് മൂന്നുപ്രദേശങ്ങൾക്കും അനുമതി നൽകില്ലെന്ന് ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ആൻഡി ബേൺഹാം.

സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ സ്വതന്ത്ര ഭരണസംവിധാനമുള്ള എന്നാൽ പൂർണരാജ്യപദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുണൈറ്റഡ് കിംഗ്ഡം എന്ന പരമാധികാര രാജ്യം പൂർണമാകൂ. അതേസമയം ഈ പുതിയ നീക്കങ്ങൾ യുണെറ്റഡ് കിംഗ്ഡത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

English Summary

Leaders from Scotland, Wales, and Northern Ireland are poised to sign a resolution at the Cardiff summit, demanding a referendum on their continued UK membership. This significant political move, following Donald Trump's comments on Irish unification, challenges the United Kingdom's future, despite Prime Minister Andy Burnham's opposition to separation votes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UK SPLIT, SCOTLAND INDEPENDENCE, WALES, NORTHERN IRELAND, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360