മോസ്കോ: യുക്രെയിനുമായുള്ള യുദ്ധത്തിന് വിദേശ പൗരന്മാരെ വലിയ തുക നൽകി സ്വന്തമാക്കാൻ റഷ്യ ഒരുങ്ങുന്നു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവർക്കുള്ള സാമ്പത്തിക ആനുകൂല്യം കുത്തനെ വർദ്ധിപ്പിച്ചു. സൈന്യത്തിൽ ചേരുന്ന ഓരോ വിദേശ പൗരനും 15 ലക്ഷം റൂബിൾ അതായത് ഏകദേശം 16 ലക്ഷം രൂപ വരെ നൽകാനാണ് പുതിയ തീരുമാനം. റഷ്യയുടെ സ്വതന്ത്ര മാദ്ധ്യമമായ 'ദി കീവ് ഇൻഡിപെൻഡന്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റഷ്യയിലെ ഇർകുട്സ്ക് മേഖലയാണ് സൈന്യത്തിൽ ചേരുന്നതിനായി വിദേശ പൗരന്മാർക്ക് വലിയ ശമ്പളത്തോടെയുള്ള അവസരം നൽകുന്നത്. ഗവർണർ ഇഗോർ കോബ്സെവ് ഈ ആഴ്ച ആദ്യം ഒപ്പുവച്ച ഉത്തരവിലൂടെയാണ് പുതിയ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ചത്. വിദേശ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഒരു റഷ്യൻ മേഖല വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോർട്ട്.
യുക്രെയിനുമായുള്ള യുദ്ധത്തിന് സൈനികരുടെ ആവശ്യം വർദ്ധിച്ചതോടെയാണ് പുതിയ നീക്കം. റഷ്യയിലെ വിവിധ മേഖലകൾ സൈനിക റിക്രൂട്ട്മെന്റിനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഇർകുട്സ്ക് മേഖലയിൽ വിദേശ പൗരന്മാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള തുക കുത്തനെ ഉയർത്തിയത്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ നിന്ന് വിദേശ പൗരന്മാരെ സൈന്യത്തിൽ ഉൾപ്പെടുത്തി സൈനിക ശേഷി വർദ്ധിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടും ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയിനെതിരായ വ്യോമാക്രമണം റഷ്യ ശക്തമാക്കിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ജെറ്റ് എൻജിൻ ഉപയോഗിച്ച ഡ്രോണുകളും ഉൾപ്പെടെ വിവിധ ആയുധങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ചത്. പോളണ്ട് അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലും റഷ്യൻ ആക്രമണങ്ങൾ ഉണ്ടായതായി യുക്രെയിൻ അധികൃതർ അറിയിച്ചു.
അതേസമയം, റഷ്യയുടെ എണ്ണ വ്യവസായ മേഖലകളിൽ ആക്രമണം നടത്തുന്നത് യുക്രെയിൻ തുടരുകയാണ്. റഷ്യയിലെ ഡീസൽ ഉൽപ്പാദന കേന്ദ്രങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയിൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ ആഗോള ഇന്ധനക്ഷാമത്തിന് കാരണമാകുന്നുവെന്നും ട്രംപ് ആരോപിച്ചു. നാല് വർഷത്തിലേറെയായി റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം തുടരുകയാണ്. നിരവധി സൈനികരുടെ മരണത്തിനും ഗുരുതര പരിക്കുകൾക്കും യുദ്ധം കാരണമായിട്ടുണ്ട്.
Russia’s Irkutsk region has increased financial incentives to recruit foreign nationals into its military for the war in Ukraine. Each foreign recruit may receive up to 1.5 million rubles, around Rs 16 lakh. The move comes amid Russia’s growing manpower needs. Meanwhile, fighting continues to intensify, with Russian airstrikes and Ukrainian attacks on Russian oil infrastructure escalating.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |