SignIn
Kerala Kaumudi Online
Thursday, 01 October 2026 2.39 AM IST

മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി.

maheshpai

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധർ പൈ ഇന്ന് ചുമതലയേൽക്കും. ബാങ്കിംഗിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തനപരിചയവുമുള്ള അദ്ദേഹം കൊച്ചി സ്വദേശിയാണ്.

സ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിംഗ്, അഗ്രികൾച്ചർ, എം.എസ്.എം.ഇ. വായ്പ തുടങ്ങിയവയിൽ പ്രഗത്ഭനായ മഹേഷ് പൈ, കാനറ ബാങ്കിന്റെ സ്വർണവായ്പാ വിഭാഗം ആരംഭിക്കുന്നത് ഉൾപ്പെടെ തന്ത്രപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ന്യൂയോർക്കിലും കാനറ ബാങ്കിന്റെ ഏറ്റവും വലിയ സോണുകളിലൊന്നിന്റെ തലവനായും പ്രവർത്തിച്ചു. ചീഫ് ജനറൽ മാനേജരായിരിക്കെ ഡിജിറ്റൽ ബാങ്കിംഗ് വിഭാഗത്തിനും നേതൃത്വം നൽകി.

ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ, സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ സ്ഥാപനങ്ങളുടെ ബോർഡുകളിലും പ്രവർത്തിച്ചു.

മൂന്ന് പതിറ്റാണ്ട് പ്രവർത്തനപരിചയവും ബിസിനസ് നേതൃപാടവവും തന്ത്രപ്രധാനമായ പദ്ധതികൾ നടപ്പാക്കിയ അനുഭവസമ്പത്തുമാണ് മഹേഷ് പൈയുടെ പ്രത്യേകതയെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ പറഞ്ഞു.

ബിസിനസുകളെ മുന്നോട്ട് നയിക്കുന്നതിലും വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും അതിവേഗം മാറുന്ന സാമ്പത്തിക മേഖലയ്ക്ക് അനുസൃതമായി ശേഷി ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ നൽകുമെന്ന് മഹേഷ് മുരളീധർ പൈ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360