
കേരളത്തിൽനിന്ന് 5,200 ടണ്ണിലേറെ കാർഷികോത്പന്നങ്ങൾ
പ്രതിമാസം നാല് ചാർട്ടേഡ് വിമാനങ്ങൾ
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. കേരളത്തിൽനിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ 5,200 മെട്രിക് ടണ്ണിലേറെ കാർഷികോത്പന്നങ്ങളാണ് ഗ്രൂപ്പ് പ്രവാസലോകത്തെത്തിച്ചത്. ഇതിൽ ഏറെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് അയച്ചത്.
കൊച്ചിയിൽനിന്ന് പ്രതിമാസം നാല് ചാർട്ടേഡ് വിമാനങ്ങളാണ് ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് സർവീസ് നടത്തുന്നത്. നാഷണൽ എയർവേസിന്റെ പ്രത്യേക വിമാനങ്ങൾ വഴി പ്രതിമാസം 320 ടണ്ണിലേറെ പഴം, പച്ചക്കറി വിഭവങ്ങൾ ജി.സി.സി രാജ്യങ്ങളിലെത്തിക്കുന്നു. ഫെബ്രുവരി മുതൽ കൊച്ചി വിമാനത്താവളം വഴി വിമാനമാർഗവും കപ്പൽ വഴിയുമായി 3,094 മെട്രിക് ടൺ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്തു.
36 ചാർട്ടേഡ് വിമാന സർവീസുകളിലൂടെ മാത്രം 851 ടൺ പഴം, പച്ചക്കറി വിഭവങ്ങൾ അയച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി വാണിജ്യ വിമാനങ്ങളിൽ 2,106 ടൺ കാർഷികോത്പന്നങ്ങളും ഗൾഫ് രാജ്യങ്ങളിലെത്തി.
ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽനിന്ന് മത്സ്യം, ഇറച്ചി ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. വിഷു, ഓണം തുടങ്ങിയ സീസണുകളിൽ പ്രത്യേക ആസൂത്രണത്തോടെ ഉത്പന്നങ്ങൾ എത്തിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നിർദേശപ്രകാരമാണ് കയറ്റുമതി പ്രവർത്തനങ്ങൾ വിപുലീകരിച്ചതെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |