
ആഗോള അനിശ്ചിതത്വം വെല്ലുവിളി
കൊച്ചി: കഴിഞ്ഞ വാരം മികച്ച മുന്നേറ്റം നടത്തിയ സ്വർണ വിലയിൽ വരും ദിവസങ്ങളിൽ വീണ്ടും വിൽപ്പന സമ്മർദ്ദം ശക്തമായേക്കും. അമേരിക്കൻ നാണയപ്പെരുപ്പ കണക്കുകൾ, ഇറാനുമായുള്ള സംഘർഷം, ക്രൂഡ് ഓയിൽ വില, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച സൂചനകൾ എന്നിവയാണ് അടുത്ത ആഴ്ച വിപണിയുടെ ഗതി നിർണയിക്കുക.
കഴിഞ്ഞ ആഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവില 4.5 ശതമാനവും വെള്ളിവില 5.4 ശതമാനവും ഉയർന്നു. എം.സി.എക്സിൽ ഡിസംബർ ഗോൾഡ് ഫ്യൂച്ചേഴ്സ് 3,682 രൂപ ഉയർന്ന് പത്ത് ഗ്രാമിന് 1.42 ലക്ഷം രൂപയിലെത്തി. വെള്ളി കിലോഗ്രാമിന് 5,655 രൂപ വർധിച്ച് 1.84 ലക്ഷം രൂപയിലുമെത്തി. കേരളത്തിൽ സ്വർണ വില പവന് 3,440 രൂപ വർദ്ധിച്ച് 1,05,280 രൂപയിലെത്തി. ഒരവസരത്തിൽ പവൻ വില 1,07,080 രൂപ വരെ ഉയർന്നിരുന്നു.
എന്നാൽ വെള്ളിയാഴ്ച ശക്തമായ അമേരിക്കൻ തൊഴിൽ കണക്കുകൾ ഡോളറിനെയും ബോണ്ട് വരുമാനത്തെയും ഉയർത്തിയതോടെ സ്വർണത്തിനും വെള്ളിക്കും വീണ്ടും വിൽപ്പന സമ്മർദമുണ്ടായി. പലിശനിരക്ക് ഉയർന്നുനിൽക്കുന്നത് പലിശ വരുമാനമില്ലാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കും. ഇറാൻ സംഘർഷത്തിലെ പുതിയ നീക്കങ്ങൾ, സമാധാന ചർച്ചകൾ, റഷ്യ-യുക്രെയിൻ ചർച്ചകൾ, ക്രൂഡ് ഓയിൽ വില എന്നിവയും നിർണായകമാകും. അതിനാൽ കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റം തുടരുമെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നു.
ഗതി നിശ്ചയിക്കുന്ന സംഭവങ്ങൾ
അമേരിക്കൻ ഉപഭോക്തൃ നാണയപ്പെരുപ്പ കണക്കുകൾ
ഇന്ത്യയുടെ ഒക്ടോബറിലെ റീട്ടെയിൽ വിലസൂചിക
ചൈന, ജർമ്മനി, ജപ്പാൻ വളർച്ചാ കണക്കുകൾ
ഫെഡറൽ റിസർവ് യോഗത്തിലെ മിനിട്ട്സ് വിശദാംശങ്ങൾ
കഴിഞ്ഞ വാരം പവൻ വിലയിലുണ്ടായ വർദ്ധന
3,440 രൂപ
നടപ്പുവർഷം ചൈന വാങ്ങിയ സ്വർണം
129 ടൺ
സ്വർണം വാങ്ങികൂട്ടി ചൈന
രാജ്യാന്തര വിപണിയിൽ വില കുത്തനെ കുറഞ്ഞിട്ടും ചൈനയിലെ കേന്ദ്ര ബാങ്ക് സ്വർണം വൻതോതിൽ വാങ്ങികൂട്ടുന്നു. ഒക്ടോബറിൽ മാത്രം 25.8 ടൺ സ്വർണമാണ് വാങ്ങിയത്. തുടർച്ചയായ 24ാം മാസമാണ് ചൈനയുടെ സ്വർണ ശേഖരം ഉയർന്നത്. ഇതോടെ ചൈനയുടെ മൊത്തം ശേഖരം 2,435 ടണ്ണായി. ഒക്ടോബറിൽ സ്വർണ വില ഔൺസിന് 4,000 ഡോളറിന് താഴെയെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |