
കയറ്റുമതിയിൽ 23 ശതമാനം കുതിപ്പ്
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യ മികച്ച കുതിപ്പ് തുടരുന്നു. പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കയുടെ തീരുവ നിയന്ത്രണങ്ങളും കപ്പൽ ഗതാഗതത്തിലെ തടസങ്ങളും ഇന്ത്യയുടെ കയറ്റുമതി വളർച്ചയെ ബാധിച്ചില്ല. സെപ്തംബറിൽ ഇന്ത്യയുടെ ചരക്കുകയറ്റുമതി 23.04 ശതമാനം വർദ്ധനയോടെ 4,440 കോടി ഡോളറായി. പെട്രോളിയം, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, മാംസം, പാൽ, ചിക്കൻ, കരകൗശല വസ്തുക്കൾ, ജെം ആൻഡ് ജുവലേഴ്സ് എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാണ് നേട്ടമായത്. അമേരിക്ക, യു.എ.ഇ, നെതർലൻഡ്സ് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഉത്പന്നങ്ങൾ കയറ്റി അയച്ചത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 11 ശതമാനം ഉയർന്നു. വിപണി വൈവിദ്ധ്യവത്കരണത്തിലൂടെ ഇന്ത്യ കയറ്റുമതി വിപുലീകരിക്കുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. സേവന മേഖലയിലെ കയറ്റുമതി ആഗസ്റ്റിലെ 1,944 കോടി ഡോളറിൽ നിന്ന് സെപ്തംബറിൽ 3,635 കോടി ഡോളറായി. മൊത്തം കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 10.99 ശതമാനം ഉയർന്ന് 8,075 കോടി ഡോളറായി.
ഇറക്കുമതിയും കൂടുന്നു
സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള ചരക്കുഇറക്കുമതി ഉയർന്ന് 7,461 കോടി ഡോളറായി. റഷ്യൻ ക്രൂഡ് ഇറക്കുമതി കഴിഞ്ഞ മാസവും ഉയർന്ന തലത്തിൽ തുടർന്നു. അതേസമയം സ്വർണ ഇറക്കുമതി ആഗസ്റ്റിലെ 230 കോടി ഡോളറിൽ നിന്ന് 180 കോടി ഡോളറിലേക്ക് താഴ്ന്നു.
വ്യാപാര കമ്മി കുറഞ്ഞു
വ്യാപാര കമ്മി മുൻവർഷം ഇതേകാലയളവിലെ 3,300 കോടി ഡോളറിൽ നിന്ന് കഴിഞ്ഞ മാസം 3,021 കോടി ഡോളറായി. ആഗസ്റ്റിലെ 2,686 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാര കമ്മി ഉയർന്നു.
ഏപ്രിൽ- സെപ്തംബർ കാലയളവിലെ പ്രകടനം
മൊത്തം കയറ്റുമതി : 47,620 കോടി ഡോളർ(വളർച്ച 13.84%)
ചരക്കുകയറ്റുമതി : 25,989 കോടി ഡോളർ (വളർച്ച 18.51%)
മൊത്തം ഇറക്കുമതി : 55,113 കോടി ഡാേളർ(വർദ്ധന 15.68%)
വ്യാപാര കമ്മി : 7,491 കോടി ഡോളർ
ശക്തിയാർജിച്ച് രൂപ
യു.എസ് ബോണ്ടുകളുടെ ദൗർബല്യവും റിസർവ് ബാങ്കിന്റെ വിപണി ഇടപെടലുകളും രൂപയ്ക്ക് കരുത്ത് പകർന്നു. ഏഴു ദിവസത്തിനിടെ രൂപയുടെ മൂല്യം രണ്ട് ശതമാനം ഉയർന്നു. ഇന്നലെ 95.06ലാണ് രൂപ ക്ളോസ് ചെയ്തത്. കഴിഞ്ഞ വാരം രൂപയുടെ മൂല്യം 96.8 വരെ താഴ്ന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |