SignIn
Kerala Kaumudi Online
Monday, 02 November 2026 1.12 AM IST

പശ്ചിമേഷ്യൻ പ്രതിസന്ധി: കേന്ദ്ര സർക്കാരിന് സബ്സിഡി ഭാരമേറുന്നു

sub

ധനകമ്മി ₹7.14 ലക്ഷം കോടിയായി

കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധി ഊർജവിപണിയിലും വളം ഇറക്കുമതിച്ചെലവിലും സൃഷ്‌ടിക്കുന്ന അധിക സമ്മർദ്ദം കേന്ദ്ര സർക്കാരിന്റെ ധനസ്ഥിതിക്ക് വെല്ലുവിളിയാകുന്നു. ഭക്ഷ്യ, വളം സബ്സിഡി ചെലവ് കുത്തനെ ഉയർന്നതോടെ നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ആറുമാസത്തിൽ കേന്ദ്ര സർക്കാരിന്റെ ധനകമ്മി 7.14 ലക്ഷം കോടി രൂപയായി. വാർഷിക ലക്ഷ്യത്തിന്റെ 42.1 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 36.5 ശതമാനമായിരുന്നു. ഏപ്രിൽ-സെപ്തംബർ കാലയളവിൽ പ്രധാന സബ്‌സിഡികൾക്കായുള്ള ചെലവ് 10.1 ശതമാനം വർദ്ധിച്ച് 2.23 ലക്ഷം കോടി രൂപയിലെത്തി. ഭക്ഷ്യസബ്‌സിഡി ചെലവ് 16 ശതമാനം ഉയർന്ന് 1.03 ലക്ഷം കോടി രൂപയായി. വളം സബ്‌സിഡി 11.2 ശതമാനം ഉയർന്ന് 1.19 ലക്ഷം കോടി രൂപയിലുമെത്തി. യൂറിയ സബ്‌സിഡിക്കായി ബഡ്‌ജറ്റിൽ വകയിരുത്തിയ തുകയുടെ 73 ശതമാനവും ആദ്യ ആറുമാസത്തിനകം ചെലവായി. ഇന്ധനവിലയിലെ ആഗോള ചാഞ്ചാട്ടം നിയന്ത്രിക്കാൻ സർക്കാർ കൂടുതൽ സഹായം നൽകേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ധനസമ്മർദം വരും കാലങ്ങളിൽ കൂടുതൽ ശക്തമായേക്കും.

യുദ്ധം വെല്ലുവിളി

പശ്ചിമേഷ്യൻ സംഘർഷം വളം നിർമ്മാണത്തിനും ഇറക്കുമതിക്കും ആവശ്യമായ പ്രകൃതിവാതകം ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലയിലും വിതരണത്തിലും സമ്മർദ്ദം സൃഷ്‌ടിക്കുകയാണ്. നടപ്പുവർഷം വളം സബ്‌സിഡി ചെലവ് ബഡ്‌ജറ്റിൽ വകയിരുത്തിയ 1.71 ലക്ഷം കോടി രൂപയിൽനിന്ന് 70,000 കോടി രൂപവരെ കൂടുതലാകുമെന്നാണ് വിലയിരുത്തുന്നത്.

വരുമാന വളർച്ച മന്ദഗതിയിൽ

കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് 10.7 ശതമാനം ഉയർന്നെങ്കിലും വരുമാന വളർച്ച കാര്യമായി കൂടുന്നില്ല. സെപ്തംബർ വരെയുള്ള ആറ് മാസത്തിൽ കടമെടുപ്പ് ഒഴികെയുള്ള വരുമാന വളർച്ച 6.1 ശതമാനം മാത്രമാണ്. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് 12.7 ശതമാനം ഉയർന്ന് 6.55 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷം ധനകമ്മി 16.96 ലക്ഷം കോടി രൂപയായി നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുപോയാൽ ഊർജ-വള ചെലവുകൾ ഇനിയും കൂടുമെന്നതിനാൽ ധനക്കമ്മി നിയന്ത്രിക്കാൻ സർക്കാർ പ്രയാസപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUBSIDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360