
ഒക്ടോബറിൽ വിറ്റത് 5.3 ലക്ഷം വാഹനങ്ങൾ
കൊച്ചി: ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങളുടെ പ്രതിമാസ മൊത്തവിതരണം ചരിത്രത്തിലാദ്യമായി അഞ്ച് ലക്ഷം യൂണിറ്റ് കടന്നു. ഒക്ടോബറിൽ 5.25 ലക്ഷം മുതൽ 5.30 ലക്ഷം വരെ വാഹനങ്ങളാണ് നിർമ്മാതാക്കൾ ഡീലർമാർക്ക് കൈമാറിയത്. മുൻവർഷം ഇതേ മാസത്തെ 4.68 ലക്ഷത്തെക്കാൾ 12–13 ശതമാനം വളർച്ചയാണിത്. 2026 ജൂലായിൽ രേഖപ്പെടുത്തിയ 4.69 ലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കാഡ്.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, കിയ ഇന്ത്യ എന്നീ കമ്പനികൾ ആഭ്യന്തര വിപണിയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ മൊത്തവിതരണം രേഖപ്പെടുത്തി. മാരുതി സുസുക്കി 2.12 ലക്ഷം വാഹനങ്ങൾ ഡീലർമാർക്ക് കൈമാറി; മുൻവർഷത്തേക്കാൾ 20.45 ശതമാനം വർധന. ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പന 20.87 ശതമാനം ഉയർന്ന് 73,894 യൂണിറ്റായി. മഹീന്ദ്ര 73,338 യൂണിറ്റും ഹ്യുണ്ടായ് 62,799 യൂണിറ്റും കിയ 33,462 യൂണിറ്റും രേഖപ്പെടുത്തി.
നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച ആവശ്യകത, ജി.എസ്.ടി നിരക്കുകളിലെ കുറവ്, വായ്പാ ചെലവിലെ ആശ്വാസം എന്നിവയാണ് വളർച്ചയ്ക്ക് പിന്തുണയായത്.
ഒക്ടോബറിലെ വിൽപ്പന
കമ്പനി: വിൽപ്പന: വളർച്ചാ നിരക്ക്
| മാരുതി സുസുക്കി | 2,12,384 | 20.5% |
| ടാറ്റ മോട്ടോഴ്‌സ് | 73,894 | 20.9% |
| മഹീന്ദ്ര | 73,338 | 2.4% |
| ഹ്യുണ്ടായ് | 62,799 | 16.7% |
| കിയ | 33,462 | 13.2% |
| ടൊയോട്ട | 29,521 | 26.7% (ഇടിവ്) |
ഇരുചക്ര വിൽപ്പനയിലും ആവേശം
ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 120 ശതമാനം വർധിച്ച് 71,382 യൂണിറ്റായി. ടി.വി.എസിന്റെ ആഭ്യന്തര വിൽപ്പന 22 ശതമാനം ഉയർന്ന് 5.15 ലക്ഷം യൂണിറ്റിലെത്തി. ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന 11 ശതമാനം ഉയർന്ന് 6.65 ലക്ഷം യൂണിറ്റായി. ഹോണ്ടയുടെ കയറ്റുമതിയിലും 35 ശതമാനം വളർച്ച രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |