SignIn
Kerala Kaumudi Online
Monday, 02 November 2026 12.46 AM IST

'വാനിഷ് വാനിഷ്? യെസ് പപ്പാ,​ വോട്ട് മോഷണമോ? യെസ് പപ്പാ'; ഗ്യാനേഷ് കുമാറിനെതിരെ മമതയുടെ വേറിട്ട പ്രതിഷേധം

mamata-banarjee-
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ കുട്ടികളുടെ ജനപ്രിയ പാട്ടായ ജോണി ജോണി യെസ് പപ്പയുടെ ഈണത്തിൽ പാരഡി അവതരിപ്പിച്ചായിരുന്നു മമതയുടെ പരിഹാസം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും ലക്ഷ്യമിട്ടായിരുന്നു മമതയുടെ മുദ്രാവാക്യങ്ങൾ.

തിരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നുവെന്നും ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നും മമത ആരോപിച്ചു. ഗ്യനേഷ് കുമാറിനെ വാനിഷ് കുമാറെന്നാണ് മമത പരിഹസിച്ചത്. അവർ പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ഒരു കോടിയിലധികം വാേട്ടുകൾ നീക്കം ചെയ്തതായും മമത ആരോപിച്ചു. റാലിയിൽ ജനങ്ങളെക്കൊണ്ട് ഏറ്റുപറയിച്ചുകൊണ്ടാണ് മുൻ മുഖ്യമന്ത്രി മുദ്രാവാക്യങ്ങളിലൂടെ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

'വാനിഷ് വാനിഷ്' എന്ന് മമത ചോദിക്കുമ്പോൾ 'യെസ് പപ്പാ' എന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി. വോട്ട് അട്ടിമറിച്ചതും ജനാധിപത്യത്തെ കവർന്നെടുത്തതും ആരെന്ന ചോദ്യങ്ങൾക്കും സദസിൽ നിന്ന് ഒരേ സ്വരത്തിൽ 'ബി.ജെ.പി പപ്പാ' എന്ന പ്രതികരണമുയർന്നു. തൊഴിലവസരങ്ങൾ ഇല്ലാതാക്കിയതും ജനങ്ങളുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ചതും കർഷകരുടെ ആദരവ് കവർന്നതും തൊഴിലാളികളുടെ വീടുകൾ തകർത്തതും ആരാണെന്ന ചോദ്യങ്ങളിലൂടെയും മമത ബി.ജെ.പിയെ കടന്നാക്രമിച്ചു. ഒടുവിൽ ബി.ജെ.പിയും 'വാനിഷ് കുമാറും' വേണ്ടെന്ന മുദ്രാവാക്യവും ജനങ്ങളെക്കൊണ്ട് മമത ഏറ്റുവിളിപ്പിച്ചു.

വോട്ടുകൾ ഇല്ലാതാക്കുക മാത്രമല്ല, വോട്ടെണ്ണൽ നടപടികളും അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ മമതയുടെ മറ്റൊരു ആരോപണം. കേന്ദ്രത്തിന്റെ ഇടപെടലിലൂടെ ബംഗാളിൽ ഒരു കോടിയിലധികം വോട്ടുകൾ ഒഴിവാക്കിയെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെട്ടതല്ല, പരാജയപ്പെടുത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിനെതിരെ രാഷ്ട്രീയമായും ജനാധിപത്യപരമായും പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി.

വോട്ടർപട്ടിക പുതുക്കാൻ നടത്തുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടിയെയും മമത വിമർശിച്ചു. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് അവർ ആരോപിച്ചു. എസ്.ഐ.ആർ എന്നതിനെ 'സ്‌പെഷ്യൽ ഇൻസെന്റീവ് റിലീഫ്' എന്ന് മമത പരിഹസിക്കുകയും ചെയ്തു.

English Summary

West Bengal Chief Minister and Trinamool Congress leader Mamata Banerjee sharply criticized the Election Commission and the BJP at a rally at Delhi's Ramlila Maidan.She used a parody of the children's song "Johny Johny Yes Papa" to mock Chief Election Commissioner Gyanesh Kumar, calling him "Vanish Kumar".

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMATA BANERJEE, LATESTNEWS, VOTE THEFT, GYANESHKUMAR, RAMLEELA MAITHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360