SignIn
Kerala Kaumudi Online
Sunday, 01 November 2026 9.21 PM IST

'തിരഞ്ഞെടുപ്പ് കമ്മിഷണറോ പാർട്ടി ഏജന്റോ?'; ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും കടന്നാക്രമിച്ച് നേഹ ബോറ

READ ENGLISH VERSION
neha-bora-
ഐസ പ്രസിഡന്റ് നേഹ ബോറ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രവർത്തനവും വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളിൽ നടക്കുന്ന ക്രമക്കേടുകളും ആരോപിച്ച് ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും കടന്നാക്രമിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ. ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ പിന്മാറണമെന്നും നേഹ ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിലുള്ള ഉത്തരവാദിത്വം ഗ്യാനേഷ് കുമാർ മറക്കുകയാണെന്ന് നേഹ ബോറ ആരോപിച്ചു. ആ പദവി ഉപേക്ഷിച്ച് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനേജർ എന്ന സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും അവർ പരിഹസിച്ചു. പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും അവർ വ്യക്തമാക്കി.

ബ്രിട്ടീഷ് ഭരണകാലത്തെ അടിച്ചമർത്തൽ രീതികളാണ് നിലവിലെ ഭരണകൂടവും പിന്തുടരുന്നതെന്നായിരുന്നു നേഹയുടെ മറ്റൊരു ആരോപണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ പീസ് ബോണ്ടിൽ ഒപ്പുവയ്പിച്ച് തടവിലാക്കിയ ബ്രിട്ടീഷുകാരുടെ നടപടികൾക്ക് സമാനമായ രീതിയിലാണ് ഇന്ന് ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ ഭരണകൂടം നേരിടുന്നതെന്നും അവർ പറഞ്ഞു.

ദേശീയ പതാകയുമായി പ്രതിഷേധത്തിനിറങ്ങിയവർക്കെതിരെ ലാത്തിച്ചാർജ് നടത്തിയതും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായതും ചൂണ്ടിക്കാട്ടി ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ നേഹ വിമർശനമുന്നയിച്ചു. വോട്ടർപട്ടികയിലെ തിരിമറികളുമായി ബന്ധപ്പെട്ടായിരുന്നു പ്രസംഗത്തിലെ പ്രധാന ആരോപണങ്ങൾ. പുതിയ വോട്ടർമാരുടെ രജിസ്‌ട്രേഷനായി ഉപയോഗിക്കേണ്ട ഫോം 6, നിലവിലുള്ള വോട്ടർമാരെക്കൊണ്ടും നിർബന്ധിച്ച് പൂരിപ്പിക്കുന്നതായി അവർ ആരോപിച്ചു. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഫോം 7 ദുരുപയോഗം ചെയ്യുന്നതായും വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്താനുള്ള ഫോം 8 ഉപയോഗിച്ച് ക്രമക്കേടുകൾ നടത്തുന്നതായും നേഹ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ഇത്തരം ഇടപെടലുകൾ വോട്ടർമാരുടെ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നതാണെന്നും ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിതെന്നും അവർ മുന്നറിയിപ്പ് നൽകി.

English Summary

AISA President Neha Bora criticized Election Commissioner Gyanesh Kumar and the BJP, alleging widespread irregularities in voter list revision. She accused them of attempting to seize voting rights and undermine democratic systems through misuse of voter registration forms. Bora warned these actions threaten the foundation of democracy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHABORA, LATESTNEWS, NATIONALNEWS, BJP, GYANESHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360