SignIn
Kerala Kaumudi Online
Sunday, 20 September 2026 7.19 PM IST

പ്രതിസന്ധി കനക്കുന്നു; പലിശഭാരം കുതിക്കും

interest

കൊച്ചി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് റെക്കാഡ് തകർത്തുമുന്നേറുന്ന നാണയപ്പെരുപ്പം പിടിച്ചുനിറുത്താനായി വരുംമാസങ്ങളിലും മുഖ്യ പലിശനിരക്കുകൾ കൂട്ടാൻ റിസർവ് ബാങ്ക് നിർബന്ധിതരായേക്കും. പലിശ പരിഷ്കരണത്തിന് റിസർവ് ബാങ്ക് പ്രധാന മാനദണ്ഡമാക്കുന്നത് ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമായുള്ള നാണയപ്പെരുപ്പമാണ്. ഇത് 4 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. 2 മുതൽ 6 ശതമാനത്തിനുള്ളിൽ നാണയപ്പെരുപ്പം തുടർന്നാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ മാർച്ചിൽ ഇത് 6.95 ശതമാനത്തിലേക്കും ഏപ്രിലിൽ എട്ടുവർഷത്തെ ഉയരമായ 7.79 ശതമാനത്തിലേക്കും കുതിച്ചതോടെ ഈമാസം നാലിന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതി (എം.പി.സി) അടിയന്തരയോഗം ചേർന്ന് മുഖ്യ പലിശനിരക്കുകൾ കൂട്ടുകയായിരുന്നു.

റിപ്പോനിരക്ക് 0.40 ശതമാനവും കരുതൽ ധന അനുപാതം (സി.ആർ.ആർ) 0.50 ശതമാനവുമാണ് കൂട്ടിയത്. ഇതോടെ ഒട്ടുമിക്ക ബാങ്കുകളും വായ്‌പാപലിശയും കൂട്ടി. മൊത്തവില നാണയപ്പെരുപ്പം കൂടുന്നതിനാൽ വരുംമാസങ്ങളിൽ റീട്ടെയിൽ നാണയപ്പെരുപ്പവും ഉയരാൻ സാദ്ധ്യതയേറെ.

ഇ.എം.ഐ ബാദ്ധ്യത ഉയരും

2018 ആഗസ്‌റ്റിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയത്. 2020 മേയ്ക്കുശേഷം പലിശനിരക്ക് പരിഷ്‌കരണവും ആദ്യമായിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി അടുത്തയോഗങ്ങളിലും റിപ്പോ കൂട്ടാനാണ് സാദ്ധ്യത.

ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ ഇ.എം.ഐ ബാദ്ധ്യത കൂടാൻ ഇതിടയാക്കും. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിനിടെ ഇ.എം.ഐയും കൂടുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിക്കും.

കത്തിക്കയറും പലിശ

നടപ്പുവർഷം റിപ്പോയിൽ രണ്ടുശതമാനംവരെ വർദ്ധനകൂടി പ്രതീക്ഷിക്കാമെന്ന് റോയിട്ടേഴ്‌സും നോമുറയുമടക്കമുള്ള ഗവേഷണസ്ഥാപനങ്ങൾ പ്രവചിക്കുന്നു. വർഷാന്ത്യത്തോടെ റിപ്പോനിരക്ക് 6.40 ശതമാനം വരെയെത്താം.

 അടുത്തമാസം 0.25-0.35 ശതമാനം വർദ്ധന പ്രതീക്ഷിക്കാം.

 ആഗസ്‌റ്റിൽ 0.50 ശതമാനവും തുടർന്ന് 2023 ഏപ്രിൽ വരെയുള്ള ഓരോ ഷെഡ്യൂൾഡ് യോഗത്തിലും 0.25 ശതമാനവും വർദ്ധനയും ഉണ്ടായേക്കും.

കൂടുന്ന ബാദ്ധ്യത

നിലവിൽ റിപ്പോനിരക്ക് 4.40 ശതമാനമാണ്. അടുത്തയോഗത്തിൽ ഇതു കാൽശതമാനം കൂട്ടി 4.65 ശതമാനക്കിയാൽ വായ്‌പകളുടെ ഇ.എം.ഐയിൽ വലിയ വർദ്ധനയുണ്ടാകും. ഒരുദാഹരണം നോക്കാം:

 വായ്‌പാത്തുക : ₹25 ലക്ഷം.

 തിരിച്ചടവ് കാലാവധി : 20 വർഷം

 നിലവിലെ പലിശനിരക്ക് : 7.2%

 നിലവിലെ ഇ.എം.ഐ : ₹19,684

 റിപ്പോ ഉയർത്തിയാൽ പുതിയപലിശ : 7.45%

 പുതിയ ഇ.എം.ഐ : ₹20,063

 ഇ.എം.ഐ വർദ്ധന : ₹379

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RBI, MPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360