
ലണ്ടൻ: മൂന്നുവയസുകാരനെ അപരിചിതൻ മൃഗശാലയിലെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിലെ ഹണ്ടിംഗ്‌ഗണിന് സമീപമുള്ള ജോൺസൺസ് ഒഫ് ഓൾഡ് ഹേസ്‌റ്റ് എന്ന മൃഗശാലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മുതലക്കുളത്തിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനായി മൃഗശാല ഉടമയായ ആൻഡി ജോൺസന്റെ ഭാര്യ ട്രേസി ജോൺസൺ കുളത്തിലേക്ക് ചാടുകയായിരുന്നു. അതിസാഹസികമായാണ് മുതലയുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയർ ആംബുലൻസ് വഴി കേംബ്രിഡ്‌ജിലെ ആഡൻബ്രൂക്ക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ഗുരുതരാവസ്ഥ തുടരുകയാണെങ്കിലും അപകടനില മറികടന്നതായാണ് വിവരം.
കുട്ടിയെ മുതലക്കുളത്തിലേക്ക് എറിഞ്ഞ നോർഫോക്ക് സ്വദേശിയായ 30കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്‌തു. കുട്ടിയും ഇയാളും തമ്മിൽ മുൻപരിചയം ഇല്ലായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |