
ലണ്ടൻ : കഴിഞ്ഞ ദിവസം എവർട്ടനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിനിടെ പരിക്കേറ്റ ചെൽസിയുടെ അർജന്റീനക്കാരൻ ഗോൾകീപ്പർ എമി മാർട്ടിനസ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. എവർട്ടൺ ഡിഫൻഡർ ജെറാഡ് ബ്രാത്ത്വെയ്റ്റുമായി കൂട്ടിയിടിച്ചാണ് മാർട്ടിനസിന്റെ താടിയെല്ലിന് പരിക്കേറ്റത്.
എവർട്ടന്റെ കിർണൻ ഡ്യൂസ്ബറി-ഹാൾ എടുത്ത ഫ്രീ കിക്ക് തടയാനുള്ള ശ്രമത്തിനിടെ മത്സരത്തിന്റെ 74-ാം മിനിട്ടിലാണ് അപകടമുണ്ടായത്. എമിലിയാനോയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് മാറ്റിയത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. താടിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഇതോടെ 21-കാരനായ ബെൽജിയം യുവ താരം മൈക്ക് പെൻഡേഴ്സ് ചെൽസിക്കായി പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. മത്സരത്തിൽ പെഡ്രോ നെറ്റോയുടെ ഇരട്ട ഗോളുകളുടെ കരുത്തിൽ ചെൽസി എവർട്ടനെ പരാജയപ്പെടുത്തി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും ഏതാനും ആഴ്ചകൾക്കകം താൻ കളിക്കളത്തിൽ തിരിച്ചെത്തുമെന്നും ആശുപത്രിയിൽ നിന്ന് എമിലിയാനോ ആരാധകരെ അറിയിച്ചു. 2020മുതൽ മറ്റൊരു പ്രിമിയർ ലീഗ് ക്ളബ് ആസ്റ്റൺ വില്ലയുടെ ഗോളിയായിരുന്ന എമിലിയാനോ ഈ സീസണിലാണ് ചെൽസിയിലേക്ക് മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |