
ലാഹോർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാൻ വഴങ്ങിയ 41 റൺസിന്റെ തോൽവി സാധാരണ ഒരു പരാജയമായി കാണാൻകഴിയില്ല. പാകിസ്ഥാൻ ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ നേർചിത്രമായാണ് കൂട്ടിവായിക്കേണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 231/9 എന്ന ചെറിയ സ്‌കോറിൽ ഒതുക്കിയിട്ടും 232 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന പാക് നിര 44 ഓവറിൽ 190 റൺസിന് തകർന്നടിയുകയായിരുന്നു. തോൽവിയോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലായി. എന്നാൽ ടീമിന്റെ പരാജയത്തിന് പിന്നാലെ സ്റ്റാർ ബാറ്ററായ ബാബർ അസമിലേക്കാണ് പാക് ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും ഒന്നടങ്കം വിരൽ ചൂണ്ടുന്നത്.
പാകിസ്ഥാന്റെ റൺ ചേസിംഗിനിടെ അഞ്ചാം ഓവറിൽ 33 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ പരുങ്ങുമ്പോഴാണ് ബാബർ ക്രീസിലെത്തുന്നത്. ഉത്തരവാദിത്തത്തോടെ കളിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 16 പന്തിൽ 16 റൺസെടുത്ത് ബാബർ മടങ്ങുകായായിരുന്നു. ബാബർ പുറത്തായതോടെ പാകിസ്ഥാൻ 16.3 ഓവറിൽ 78ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് ഷദാബ് ഖാന്റെ (71) മിന്നും പ്രകടനവും അരാഫത് മിൻഹാസിന്റെ (33) പിന്തുണയും പാകിസ്ഥാന് പകുതി പ്രതീക്ഷ നൽകിയെങ്കിലും മറ്റ് ബാറ്റർമാരുടെ മോശം പ്രകടനത്തെതുടർന്ന് കളി കൈവിട്ടുപോകാൻ കാരണമായി. മത്സരത്തിന് ശേഷം തോൽവിയുടെ പ്രധാന ഉത്തരവാദി ബാബർ അസമും അദ്ദേഹത്തിന്റെ മോശം ഫോമുമാണെന്ന വിലയിരുത്തലിലാണ് സോഷ്യൽ മീഡിയയും പാക് ക്രിക്കറ്റ് ആരാധകരും വിലയിരുത്തുന്നത്.

വില്ലനായത് എൽബിഡബ്ല്യു റിവ്യൂ; ക്രിക്കറ്റ് നിയമങ്ങളെ കുറ്റപ്പെടുത്തി ആരാധകർ
ഓസീസ് പേസർ നഥാൻ എല്ലിസിന്റെ (4/33) പന്തിലായിരുന്നു ബാബർ കൂടാരം കയറിയത്. എല്ലിസ് എറിഞ്ഞ സ്ലോവർ കൃത്യമായി മനസിലാക്കാൻ ബാബറിന് കഴിഞ്ഞില്ല. പന്ത് പാഡിൽ തട്ടിയ ഉടൻ അമ്പയർ ഔട്ട് വിളിച്ചെങ്കിലും, പന്ത് ബാറ്റിൽ ഉരസിയിട്ടുണ്ടെന്ന ആംഗ്യം കാണിച്ച് ബാബർ റിവ്യൂ (ഡിആർഎസ്) എടുത്തു. എന്നാൽ റീപ്ലേകളിൽ ബാറ്റ് പന്തിൽ തൊട്ടിട്ടില്ലെന്ന് വ്യക്തമാവുകയും പന്ത് വിക്കറ്റിൽ കൊള്ളുമെന്ന് ബൗൾ ട്രാക്കിംഗിലൂടെ കാണിക്കുകയും ചെയ്തതോടെ താരം നിരാശനായി മടങ്ങി.
അതേസമയം, അമ്പയറുടെ തീരുമാനത്തെയും സാങ്കേതികവിദ്യയെയും കുറ്റപ്പെടുത്തുന്ന ബാബറിന്റെ ആരാധകർക്കെതിരെ കടുത്ത ഭാഷയിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. ആദ്യ ഏകദിനത്തിൽ 200 റൺസ് പിന്തുടർന്നപ്പോൾ അർദ്ധസെഞ്ച്വറി (69) കുറിച്ച് തിളങ്ങിയ ബാബർ, തൊട്ടടുത്ത മത്സരത്തിൽ പാകിസ്ഥാനെ രക്ഷിക്കാനാകാതെ പോയതാണ് വിമർശനങ്ങൾക്ക് മൂർച്ച കൂടിയത്. കണക്കുകളിൽ ബാബർ ഇപ്പോഴും മികച്ച ബാറ്റർ തന്നെയാണ്. എന്നാൽ 2023ൽ ഇന്ത്യയിൽ നടന്ന ഏകദിനലോകകപ്പിന് ശേഷം ആ പഴയ ബാബർ അസമിനെ ക്രിക്കറ്റ് ലോകം കണ്ടിട്ടേയില്ല.

ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് വെറും 152 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഫോമില്ലായ്മ എത്രത്തോളം താരത്തെ ബാധിച്ചുവെന്നതിന് തെളിവാണ് രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി തികയ്ക്കാൻ അദ്ദേഹത്തിന് 83 ഇന്നിംഗ്‌സുകളും 807 ദിവസങ്ങളും കാത്തിരിക്കേണ്ടി വന്നത്. 2025 നവംബറിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ആ സെഞ്ച്വറി.
അതേസമയം ഇത്തവണ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സീസണിൽ ബാബർ രണ്ട് സെഞ്ച്വറികൾ നേടിയിരുന്നു. ടൂർണമെന്റിലെ 11 മത്സരങ്ങളിൽ നിന്നും 588 റൺസാണ് ബാബറിന്റെ പേരിൽ. അദ്ദേഹം ടോപ് സ്‌കോററായി ഫിനിഷ് ചെയ്തു. പെഷവാർ സാൽമിയെ അവരുടെ രണ്ടാമത്തെ പിഎസ്എൽ കിരീടത്തിലേക്ക് നയിച്ചു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ ബാബർ മോശം പ്രകടനം കാഴ്ചവച്ചു. 2021 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ (തുടർച്ചയായി 1359 ദിവസങ്ങൾ) ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് വാണിരുന്ന ബാബർ അസം, നിലവിൽ ആറാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്.
ഒരു കാലത്ത് സാക്ഷാൽ വിരാട് കൊഹ്‌ലിക്കൊപ്പം ഉപമിച്ചിരുന്ന ബാബറിന്റെ പ്രതാപ കാലത്തെ ഗ്രാഫിലെ ഇടിവ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവിക്ക് തന്നെ ആശങ്കയാണ്. വരാനിരിക്കുന്ന മൂന്നാം ഏകദിനത്തിലെങ്കിലും ഫോമിൽ തിരിച്ചെത്തിയില്ലെങ്കിൽ ബാബറിന് മേലുള്ള സമ്മർദ്ദം ഇരട്ടിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |